ന്യൂഡൽഹി : ഭരണഘടനയാണ് ഈ രാജ്യത്തിന്റെ ശക്തിയെന്നും, അതിനെ രാഷ്‌ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ” ഭരണഘടനയാണ് ഈ രാജ്യത്തിന്റെ ശക്തി. ഭരണഘടനയിലൂടെയാണ് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ കൊണ്ടുവരാനും, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലുള്ള ജനങ്ങൾക്കും തുല്യ അവകാശവും ആദരവും നേടാനായതും.
ഭരണഘടനയുടെ ആത്മാവ് എല്ലാവരേയും ഒരുമിച്ച് നിർത്താനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ശക്തി നൽകുന്നു. അതുകൊണ്ട് തന്നെ ഭരണഘടനയെ രാഷ്‌ട്രീയത്തിൽ നിന്ന് മാറ്റി നിർത്തേണ്ടതുണ്ട്. ഒരു പാർട്ടിക്കോ അവരുടെ പ്രത്യയശാസ്ത്രങ്ങൾക്കോ ഭരണഘടനയുടെ ആത്മാവിനെ തകർക്കാനാകില്ല. കാലാകാലങ്ങളിൽ ഭരണഘടനയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടും അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി ഉള്ളതായിരുന്നു.
എന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടിയ്‌ക്കും ഭരണഘടനയുടെ അടിത്തറയെ ഇളക്കാനാകില്ല. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ആവശ്യമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താനും സാമൂഹിക അഭിവൃദ്ധിയ്‌ക്കും വേണ്ടിയാണ് സർക്കാർ എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറയാറുണ്ട്. പാർലമെന്റിലും അംഗങ്ങളുടെ ചിന്തയും പെരുമാറ്റവും നല്ല രീതിയിലാകുന്നത് അതാത് സ്ഥാപനങ്ങളുടെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നുണ്ട്. അംബേദ്കറുടേയും ഭരണഘടനയ്‌ക്കായി പൊരുതിയ ജനങ്ങളുടെ ത്യാഗത്തേയും അർപ്പണത്തേയും സ്മരിക്കുന്ന ദിനം കൂടിയാണത്. 75 വർഷം നീണ്ട ജനാധിപത്യ യാത്രയിൽ നമ്മുടെ രാഷ്‌ട്രത്തിന്റെ ജനാധിപത്യവും ശക്തിപ്പെടുകയാണ് ചെയ്തത്. ഭരണഘടനാ ദിനത്തിൽ രാഷ്‌ട്രപതി ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനയുടെ അടിസ്ഥാന കടമകൾ ഉറപ്പാക്കിക്കൊണ്ട് വികസിത് ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും” ഓം ബിർള പറയുന്നു.