മുംബൈ: മഹാരാഷ്‌ട്രയിൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പടോലെ. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് കോൺഗ്രസ് മത്സരിച്ച 103 സീറ്റുകളിൽ ആകെ 16 എണ്ണത്തിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. കഴിഞ്ഞ തവണ 44 സീറ്റുകൾ നേടിയ ഇടത്താണ് ഇക്കുറി വൻ തിരിച്ചടി നേരിട്ടത്.
ഇതിന് പുറമെ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് കരുതിയിരുന്ന നാനാ പടോലെ സ്വന്തം മണ്ഡലമായ സാകോളിയിൽ നിന്ന് വെറും 208 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്‌മാൻകറായിരുന്നു പടോലെയുടെ പ്രധാന എതിരാളി. 2021 ബാലാസാഹേബ് തോറട്ടിന്റെ പിൻഗാമിയായിട്ടാണ് മുൻ എംപി കൂടിയായ നാനാ പടോലെ മഹാരാഷ്‌ട്ര കോൺഗ്രസിന്റെ ചുമതല ഏറ്റെടുക്കുന്നത്.
ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 17ൽ 13 ഇടത്ത് വിജയം നേടിയിരുന്നു. മഹാവികാസ് അഘാഡി സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയതും കോൺഗ്രസ് ആയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജന ചർച്ചയിൽ നാനാ പടോലെയുടെ നേതൃത്വത്തിൽ കോൺഗ്രസ് വലിയ രീതിയിൽ വില പേശിയാണ് 103 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്.
ശിവസേനയും(ഉദ്ധവ്പക്ഷം) എൻസിപിയും ഉൾപ്പെടെ കോൺഗ്രസിനെതിരെ ഒരു ഘട്ടത്തിൽ രംഗത്തെത്തുകയും ചെയ്തിരുന്നു. നാനാ പടോലെ സീറ്റ് വിഭജന ചർച്ചകളിൽ പങ്കെടുത്താൻ ഉദ്ധവ് പക്ഷം ആ കൂടിക്കാഴ്ചകളിൽ പങ്കെടുക്കാൻ എത്തില്ലെന്ന് വരെ ഒരു ഘട്ടത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുൻപും സർക്കാർ രൂപീകരണത്തിൽ വലിയ അവകാശവാദവുമായി നാനാ പടോലെ രംഗത്തെത്തിയിരുന്നു.
മഹാ വികാസ് അഘാഡി സർക്കാർ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കുമെന്നാണ് നാനാ പടോലെ പറഞ്ഞത്. ഇതിനെതിരെ ഉദ്ധവ് പക്ഷത്ത് നിന്ന് സഞ്ജയ് റാവത്ത് ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ മഹായുതി 232 സീറ്റുകൾ നേടിയപ്പോൾ വെറും 50 സീറ്റിൽ താഴെ മാത്രമാണ് മഹാവികാസ് അഘാഡിക്ക് നേടാനായത്. കോൺഗ്രസിന്റെ എക്കാലത്തേയും മോശം പ്രകടനത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.















