ചർമ സംരക്ഷണവും മുടി സംരക്ഷണവും പോലെ പ്രധാനമാണ് പല്ലുകളുടെ സംരക്ഷണവും. ആഹാരം കഴിക്കുന്നതിൽ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടോ അത്രത്തോളം ശ്രദ്ധ ആഹാരത്തിന് ശേഷം പല്ല് വൃത്തിയാക്കാനും ശ്രദ്ധിക്കണം. അതുപോലെ, പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
പല്ല് തേയ്ക്കുമ്പോൾ മോണയിൽ നിന്നും ചോര വരാറുണ്ടെന്ന് പറഞ്ഞ് ഡെന്റൽ ക്ലിനിക്കുകൾ കയറിയിറങ്ങുന്നവർ ധാരാളമുണ്ട്. എന്നാൽ ഇതിന്റെ കാരണം അറിയാൻ ആരും ശ്രമിക്കാറില്ല. മോണപഴുപ്പ് കാരണമാണ് പല്ല് തേയ്ക്കുമ്പോൾ മോണയിൽ നിന്ന് ചോര വരുന്നത്. പല്ലിന് കേട് വന്നുകഴിഞ്ഞാൽ ഈ കേട് കാലക്രമേണ മോണയെ കൂടി ബാധിക്കും. ഇതോടെ പല്ലിന്റെ അണുക്കൾ മോണയിലേക്കും പകരും. ഈ കേട് മോണയെ ബാധിക്കുമ്പോഴാണ് മോണപഴുപ്പ് ഉണ്ടാകുന്നത്.
പ്രമേഹം ഉള്ളവർക്കും വിറ്റാമിൻ സിയുടെ കുറവ് ഉള്ളവർക്കും മോണപഴുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഹോർമോൺ വ്യതിയാനം ഉള്ളവർക്കും മോണയിൽ നിന്ന് രക്തം വരാറുണ്ട്. അതിനാൽ പല്ല് കേടാകുന്നതായി മനസിലായാൽ ഉടൻ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മോണപഴുപ്പ്, പല്ലുകളുടെ കേട് എന്നിവയിൽ നിന്ന് പല്ലിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.















