വിഷ്ണു മഞ്ചു നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 15-നാണ് സിനിമ റിലീസ് ചെയ്യുന്നത്. പുരാണകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു, അക്ഷയ് കുമാർ എന്നിവരുടെ എക്സ് അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നത്.
ചിത്രം ഡിസംബറിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമായുള്ള ജോലികൾ പൂർത്തിയാകാത്തതിനാൽ റിലീസ് തീയതി മാറ്റുകയായിരുന്നു. അക്ഷയ് കുമാർ, പ്രഭാസ്, മോഹൻലാൽ, ശരത് കുമാർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കാജൽ അഗർവാളാണ് ചിത്രത്തിൽ പാർവതിയുടെ വേഷം ചെയ്യുന്നത്.
മഹാദേവന്റെ പരമ ഭക്തനായ കണ്ണപ്പയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുകേഷ് കുമാർ സംവിധാനം ചെയ്ത ഫാന്റസി ചിത്രമാണിത്. ശിവനോടുള്ള കണ്ണപ്പയുടെ കടുത്ത ആരാധനയും ഭക്തിയുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടൈൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും.