ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ചലച്ചിത്രമേളയിൽ ശ്രദ്ധേയമായിരുന്നു. സുഭാഷിന്റെയും സുഹൃത്തുക്കളുടെയും ആത്മബന്ധവും ജീവൻ പണയം വച്ച് സുഹൃത്തിനെ രക്ഷിക്കാനുള്ള കുട്ടേട്ടന്റെ പരിശ്രമവും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ചും ഗുണാകേവിനെ കുറിച്ചും ചിദംബരം പ്രേക്ഷകർക്ക് മുന്നിൽ മനസുതുറന്നു.
‘ഇത് എന്റെ ആദ്യത്തെ ഐഎഫ്എഫ്ഐ ആണ്. എന്റെ സ്വന്തം സിനിമയുമായാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട്. ഗുണാകേവിൽ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് മറ്റാരെക്കാളും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിന് മാത്രമാണ് അറിയാവുന്നത്. സംഭവത്തെ കുറിച്ചും അവർക്കുണ്ടായ അനുഭവത്തെ കുറിച്ചും ഓരോരുത്തരോടും ഞാൻ ചോദിച്ച് മനസിലാക്കിയിരുന്നു.
ആദ്യം സുഭാഷിനോടാണ് ഞാൻ സംസാരിച്ചത്. സംഭവത്തെ കുറിച്ച് അയാൾക്ക് ഒന്നും ഓർമയുണ്ടായിരുന്നില്ല. വീണ നിമിഷം സുഭാഷിന് ബോധം നഷ്ടപ്പെട്ടു. കൊടൈക്കനാലിൽ പോയ കാര്യം പോലും അദ്ദേഹത്തിന് ഓർമയില്ലായിരുന്നു. സംസാരിക്കുമ്പോൾ അയാളുടെ കണ്ണുകളിലെ ഭയം ഞാൻ കണ്ടു.
സിനിമ കാണുമ്പോൾ ഗുണാകേവിനെ കുറിച്ചുള്ള ഒരു ചിത്രം പ്രേക്ഷകരുടെ മുന്നിൽ വരച്ചുകാണിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മരണം മണക്കുന്ന സ്ഥലമാണ് ഗുണാകേവ്. സിനിമയ്‌ക്ക് വേണ്ടി അത് പുനഃസൃഷ്ടിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല’.
ആദ്യം ഞാൻ ഗുണാകേവ് സന്ദർശിപ്പോൾ ഭയങ്കര വെയിലായിരുന്നു. പക്ഷേ രണ്ടാം തവണ പോകുമ്പോൾ മഴയും ഇരുട്ടുമായിരുന്നു. ചുറ്റും വവ്വാലുകൾ പറക്കുന്നുണ്ട്. കുരങ്ങുകളുടെ തലയോട്ടികൾ വരെ അവിടെ കണ്ടിരുന്നു. ഭയപ്പെടുത്തുന്ന ഒരുപാട് ശബ്ദങ്ങളും അവിടെ കേട്ടു. വല്ലാത്ത അനുഭവമായിരുന്നു അത്. മഞ്ഞുമ്മൽ ബോയ്സിന്റെ കഥ സിനിമയാക്കാൻ എനിക്ക് മുമ്പ് നേരത്തെ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അവർക്ക് അത് കഴിഞ്ഞില്ലെന്നും ചിദംബരം പറഞ്ഞു.















