കൊച്ചി: എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി ശ്രീകുമാറിന് സസ്പെൻഷൻ നൽകി. ഇ.പിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണ ചുമതല ശ്രീകുമാറിനായിരുന്നു. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഡിസി നടപടിയെടുത്തതെന്നാണ് സൂചന.
ഇ.പി ജയരാജന്റെ പുസ്തക പ്രസിദ്ധീകരണം നടപടികൾ പാലിച്ചു കൊണ്ടാണെന്ന് നേരത്തെ ഡിസി ബുക്സ് അറിയിച്ചിരുന്നു. മാദ്ധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും സോഷ്യൽമീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഡിസി അറിയിച്ചു.
കരാർ ഇല്ലെന്ന രീതിയിലുള്ള വാർത്തകൾ ശരിയല്ല, നടപടിക്രമം പാലിച്ചുമാത്രമേ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂ. പുസ്തകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകിയെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഡിസി ബുക്സ് പ്രതികരിച്ചു.















