ന്യൂയോർക്ക്: മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയ്‌ക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ വലിയ വ്യാപാര പങ്കാളികളായ ചിലരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, ജനുവരിയിൽ അധികാരമേറ്റ ഉടൻ തന്നെ തീരുവ ഉയർത്തുന്ന ഫയലുകളിൽ ഒപ്പ് വയ്‌ക്കുമെന്നും ട്രംപ് പറയുന്നു. നിലവിലുള്ള തീരുവയ്‌ക്ക് പുറമെയാണ് ചൈനയ്‌ക്ക് 10 ശതമാനം അധികം തീരുവ ഏർപ്പെടുത്തുന്നത്.
അതേസമയം ഇത്തരത്തിൽ തീരുവ ഉയർത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും, പണപ്പെരുപ്പം വർദ്ധിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താരിഫ് ഏർപ്പെടുത്തുന്നത് വഴി യുഎസ് ഉപഭോക്താക്കൾക്ക് ഇറക്കുമതി ചെയ്ത സാധനങ്ങൾ മേടിക്കുമ്പോഴും ഉയർന്ന വില നൽകേണ്ടതായി വരും.
രാജ്യത്തേക്കുള്ള ഇറക്കുമതി കുറയ്‌ക്കണമെന്നും, ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള നിലപാടും ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ സ്വന്തം രാജ്യത്ത് നിർമ്മിക്കുന്നത് വഴി കൂടുതൽ ജോലി സാധ്യതകൾ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് പറയുന്നു.















