അബുദബി; അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായത് ഉസ്‌ബെക് പൗരൻമാർ. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും വിവരങ്ങൾ യു.എ.ഇ. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു.
അറസ്റ്റിലായവരിൽ രണ്ട് പേർക്ക് 28 വയസും ഒരാൾക്ക് 33 വയസുമാണുള്ളതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് പ്രതികളെയും വിലങ്ങണിയിച്ചും മുഖം മറച്ചും കസ്റ്റഡിയിൽ നിർത്തിയിരിക്കുന്ന ചിത്രവും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ അബുദബിയിലെ ഉസ്‌ബെക്കിസ്ഥാൻ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചബാദ് റബ്ബി സ്വി കോഗന്റെ കൊലപാതകത്തിൽ ഇസ്രായേൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. മാൽഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബിയാണ് സ്വി കോഗൻ. അബുദാബിയിൽ താമസിച്ചിരുന്ന ഓർത്തഡോക്‌സ് യഹൂദ വിശ്വാസിയായ സ്വി കോഗനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്.
കുടുംബം പരാതിപ്പെട്ടതിനെ തുടർന്ന് പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വി കോഗന്റെ സംസ്‌കാരം ഇസ്രായേലിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവം യഹൂദവിരുദ്ധ തീവ്രവാദ പ്രവൃത്തിയാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സമൂഹത്തിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു ശ്രമത്തെയും നേരിടാൻ യുഎഇ പ്രാപ്തമാണെന്നും സാമൂഹിക സുരക്ഷയ്‌ക്ക് യാതൊരുവിധ ഭീഷണിയും ഇല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.