ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിഷേധ പരിപാടികൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ധാക്ക വിമാനത്താവളത്തിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും, ബംഗ്ലാദേശ് സർക്കാരിനോട് ഈ വിഷയത്തിൽ സംസാരിക്കണമെന്നും, ഇസ്‌കോൺ ഒരു ഭക്തിപ്രസ്ഥാനമാണെന്നും ഇവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇസ്‌കോണിന്റെ പേരിൽ ബംഗ്ലാദേശ് ഉയർത്തുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ലോകത്തെ ഒരു ഭീകരസംഘടനയുമായും ഇസ്‌കോണിന് ബന്ധമില്ല. അത്തരം ആരോപണങ്ങൾ ബാലിശമാണ്. ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ ഉടൻ മോചിപ്പിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു.
രാജ്യത്ത് ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ച് വരുന്നതിനെതിരെ രംഗ്പൂരിൽ നടന്ന റാലിയെ കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ റാലികൾ നടക്കുന്നുണ്ട്.















