മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഏക്‌നാഥ് ഷിൻഡെ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായിട്ടാണ് രാജി. രാജ്ഭവനിലെത്തി ഗവർണർ സി.പി രാധാകൃഷ്ണന്് അദ്ദേഹം രാജി കൈമാറി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നവിസ്, അജിത് പവാർ എന്നിവരും ഷിൻഡെയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നു.
പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാനും ഗവർണർ നിർദ്ദേശിച്ചു. നിമയസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും അജിത് പവാറിന്റെ നേതൃത്വത്തിലുളള എൻസിപിയും ചേർന്ന മഹായുതി സഖ്യം വൻ വിജയം നേടിയിരുന്നു. 288 അംഗ നിയമസഭയിൽ 235 സീറ്റുകളാണ് മഹായുതി സഖ്യം നേടിയത്.
പുതിയ സർക്കാരിനെക്കുറിച്ചുളള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഔദ്യോഗിക നടപടികളുടെ ഭാഗമായി ഷിൻഡെ രാജി നൽകിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഉൾപ്പെടെ ചർച്ചകൾ മുന്നണിയിലും പാർട്ടികളിലും പുരോഗമിക്കുകയാണ്. 132 സീറ്റുകൾ ബിജെപി ഒറ്റയ്‌ക്ക് നേടിയിരുന്നു.
കോൺഗ്രസും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും എൻസിപി ശരദ് പവാർ പക്ഷവും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യത്തെ പരാജയപ്പെടുത്തിയാണ് മഹായുതി സഖ്യം വൻ വിജയം നേടിയത്.















