സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കുക എന്ന ചരിത്രപരമായ സുപ്രധാനദൗത്യം പൂർത്തിയാക്കാൻ ഭരണഘടനാ അസംബ്ലി ഏകദേശം മൂന്ന് വർഷമെടുത്തു. ഈ ഭരണഘടന നിർമ്മിക്കാൻ വേണ്ടി ഏകേദശം മൂന്നു വർഷങ്ങളിലായി 114 ദിവസമാണ് ആ സഭ സമ്മേളിച്ചത്.
ഭരണഘടനകളെ ലിഖിതമെന്നും അലിഖിതമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. അമേരിക്കൻ ഭരണഘടന ലിഖിതവും ബ്രിട്ടീഷ് ഭരണഘടന അലിഖിതവുമാണ് .
ഇംഗ്ലീഷ് പതിപ്പിൽ 1,17,360 വാക്കുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. ലോകം ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതും വിശദവുമായ ഭരണഘടനാ രേഖ എന്ന ബഹുമതി ഇന്ത്യൻ ഭരണഘടനയ്‌ക്കുണ്ട്. ലോകത്തിലെ എല്ലാ ലിഖിത ഭരണഘടനകളിലും വെച്ച് ഏറ്റവും ദൈർഘ്യമേറിയതുമാണ് ഇന്ത്യൻ ഭരണഘടന.
1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നും 250 ഓളം വ്യവസ്ഥകൾ ഭരണഘടനയിൽ കടമെടുത്തിട്ടുണ്ട്. ഇത് കൂടാതെ രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ലോകത്തിലെ ഒട്ടുമിക്ക പ്രധാന ഭരണഘടനകളുടെയും മികച്ച സവിശേഷതകൾ നാം സ്വീകരിച്ചിട്ടുണ്ട്.
മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും അടങ്ങുന്ന ഭരണഘടനയുടെ ദാർശനിക ഭാഗം യഥാക്രമം അമേരിക്കൻ, ഐറിഷ് ഭരണഘടനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കാബിനറ്റ് ഗവൺമെൻ്റിന്റെ തത്വവും എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും തമ്മിലുള്ള ബന്ധവും ഒക്കെ ഉൾപ്പെടുന്ന ഭരണഘടനയുടെ രാഷ്‌ട്രീയ ഭാഗം പ്രധാനമായും ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നാണ്. അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ തടയുന്നത് ജർമ്മനിയുടെ ഭരണഘടനയിൽ നിന്ന് എടുത്തതാണ്.
ഓസ്ട്രേലിയ, കാനഡ , ജപ്പാൻ, സോവിയറ്റ് യൂണിയൻ, ജർമ്മനി, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്നും നാം ആശയങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
നമ്മുടെ ഭരണഘടനയിൽ ‘ഫെഡറേഷൻ’ എന്ന പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ഇന്ത്യയെ ഒരു ‘യൂണിയൻ ഓഫ് സ്റ്റേറ്റ്’ എന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും ഇന്ത്യൻ ഫെഡറേഷൻ എന്നത് സംസ്ഥാനങ്ങളുടെ കരാറിന്റെ ഫലമല്ല. ഫെഡറേഷനിൽ നിന്ന് വേർപിരിയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല.















