ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങൾക്ക് വഴിവച്ച് ഗാന ഇസൈവാണി ആലപിച്ച അയ്യപ്പ ഗാനം. ചലച്ചിത്ര സംവിധായകൻ പാ. രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഇസൈവാണി ഗാനം ആലപിച്ചത്. അയ്യപ്പനെ അവഹേളിക്കുന്ന ഗാനമാണിതെന്നും വികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണ് പൊലീസിൽ പരാതി നൽകിയത്.
‘ ഐ ആം സോറി അയ്യപ്പാ’ എന്ന് തുടങ്ങുന്നതാണ് ഗാനം. സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ എന്താണ് കുഴപ്പമെന്നും, അയിത്തം എന്നാൽ എന്ത് എന്നും ചോദിക്കുന്നതാണ് ഗാനം. പഴയകാലമല്ല ഇപ്പോൾ എന്നും ഗാനത്തിൽ പറയുന്നുണ്ട്.
പാ. രഞ്ജിത്തിന് നേതൃത്വത്തിലുള്ള നീലം കൾച്ചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ ഗാനം ആലപിച്ചത്. മണ്ഡലകാലം ആരംഭിച്ച സമയത്ത് വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ച് മാദ്ധ്യമ ശ്രദ്ധ നേടാനാണ് ഇരുവരും ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. ഇരുവർക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.