സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ വിവാഹമോചന വാർത്തയ്‌ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ഗിറ്റാറിസ്റ്റും റഹ്മാന്റെ ട്രൂപ്പിലെ അംഗവുമായ ബാൻജില മോഹിനി ഡേ. റഹ്മാനും സൈറയും പിരിയാനുള്ള കാരണം മോഹിനി ഡേ എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. വിഷയം ചർച്ചയാകുന്നതിനിടെ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹിനി ഡേ. എആർ റഹ്മാൻ തന്റെ പിതാവിനെ പോലെയാണെന്നും തനിക്കെതിരെയും അദ്ദേഹത്തിനെതിരെയും ഉയരുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും മോഹിനി ഡേ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
‘എന്റെയും റഹ്മാന്റെയും വ്യക്തിപരമായ ജീവിതത്തിലുണ്ടായ രണ്ട് സംഭവങ്ങളെ കൂട്ടിക്കുഴച്ച് മാദ്ധ്യമങ്ങൾ അശ്ലീല വാർത്തകൾ പ്രചരിപ്പിക്കുന്നു. എട്ടര വർഷം എആർ റഹ്മാന്റെ ബാൻഡിലെ അംഗമായിരുന്നു ഞാൻ. അഞ്ച് വർഷം മുമ്പാണ് ഞാൻ അമേരിക്കയിലേക്ക് മാറിയത്. എആർ റഹ്മാൻ എന്ന വ്യക്തി ഒരു ഇതിഹാസമാണ്. അദ്ദേഹം എനിക്ക് പിതാവിനെ പോലെയാണ്. എന്നാൽ ഇതിനെ തെറ്റായി ചിത്രീകരിക്കുന്ന ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു’.
View this post on Instagram
എന്റെ റോൾ മോഡലാണ് എആർ റഹ്മാൻ. എന്റെ കരിയറിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തി. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്, ദയവായി അവസാനിപ്പിക്കണം. ഓരോ വ്യക്തികളുടെയും സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി ഡേ വീഡിയോയിൽ പറഞ്ഞു.
എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് മോഹിനി ഡേ നേരത്തെയും വ്യക്തമാക്കിയിരുന്നു. കിംവദന്തികളോട് പ്രതികരിച്ച് ഊർജം കളയാൻ താൻ തയാറാല്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നുമായിരിന്നു മോഹിനി ഡേയുടെ വാക്കുകൾ.