ധാക്ക: ജാമ്യം നിഷേധിക്കപ്പെട്ട് കോടതിമുറിക്കുള്ളിൽ നിന്നു പുറത്തിറങ്ങിയ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസ് പറഞ്ഞതിങ്ങനെയായിരുന്നു. “സനാതനികളായ നമുക്ക് ഐക്യ ബംഗ്ലാദേശാണ് വേണ്ടത്..” ഹൈന്ദവ ആത്മീയ നേതാവായ ചിന്മയ് കൃഷ്ണ ദാസിനെ ജയിലിലേക്ക് കൊണ്ടുപോകാൻ പൊലീസ് വാനിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ധാക്കയിലെ ചിറ്റഗോങ് കോടതിക്ക് പുറത്ത് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ചിന്മയ് കൃഷ്ണദാസ് ഇങ്ങനെ പറഞ്ഞു, “ഞങ്ങൾ ഭരണകൂടത്തിനും സർക്കാരിനും എതിരല്ല. ഞങ്ങൾ സനാതനികൾ ഈ രാജ്യത്തിന്റെ ഭാഗമാണ്. ഞങ്ങൾക്ക് ഈ രാജ്യത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. സമാധാനത്തെ അസ്ഥിരപ്പെടുത്താനും സഹവർത്തിത്വം തകർക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. വികാരങ്ങൾ നിയന്ത്രിച്ച് സമാധാനപരമായ പ്രതിഷേധം നടത്തും.”
ഇസ്കോൺ സന്യാസിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോടതിക്ക് പുറത്ത് തടിച്ചുകൂടിയവരെ ഒഴിപ്പിക്കാൻ ശബ്ദ ഗ്രനേഡുകളടക്കം പൊലീസ് പ്രയോഗിച്ചിരുന്നു. ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ വളഞ്ഞിട്ട് തല്ലി. പൊലീസ് നടപടിയിൽ ചിന്മയ് കൃഷ്ണ ദാസ് അഭിഭാഷകൻ കൊല്ലപ്പെടുകയും ചെയ്തു.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ സമ്മേളനത്തിൽ ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ഇസ്കോൺ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി ചിന്മയ് കൃഷ്ണ ദാസിനെതിരെ കേസെടുത്തു. സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹം പ്രതിഷേധം തുടരുകയാണ്. സന്യാസിക്കെതിരായ നടപടിയെ അപലിപിച്ച് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു.