പാരിസ്: വിനോദ സഞ്ചാരികൾക്കൊപ്പമെത്തിയ വളർത്തുനായ ചാടിപ്പോയതിനെ തുടർന്ന് പാരിസിലെ ചാൾസ് ഡിഗോൽ വിമാനത്താവളത്തിൽ രണ്ട് റൺവേകൾ അടച്ചിട്ടുള്ള തെരച്ചിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിമാനത്താവളത്തിലെ രണ്ട് റൺവേകൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്. നായയെ കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായിട്ടാണ് റൺവേകൾ അടച്ചതെന്ന് എയർ ഫ്രാൻസും വിമാനത്താവള അധികൃതരും അറിയിച്ചു. ഈ മാസം 19നാണ് വിമാനത്തിൽ നിന്ന് ഇറക്കുന്നതിനിടെ അമൽക്ക എന്ന നായ കൂട്ടിൽ നിന്ന് പുറത്ത് പോയത്.
ക്രൊയേഷ്യൻ വിനോദ സഞ്ചാരികളുടെ ഉടമസ്ഥതയിലുള്ള രണ്ട് വയസ്സുള്ള നായയാണ് ഇത്. വിയന്നയിൽ നിന്ന് എയർ ഫ്രാൻസ് വിമാനത്തിലാണ് ഇവർ പാരിസിലെത്തിയത്. വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് കൂട്ടിൽ നിന്നും ചാടിപ്പോയത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തെരച്ചിൽ നടന്നത്. പലതവണയും അമൽക്കയെ കണ്ടെത്താൻ സാധിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ലെന്നും എയർ ഫ്രാൻസ് അധികൃതർ പറയുന്നു. 22ാം തിയതിയാണ് അമൽക്കയെ വിമാനത്താവളത്തിനുള്ളിൽ അവസാനമായി കണ്ടത്. കനത്ത മഞ്ഞുവീഴ്ചയുള്ളതും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
അമൽക്കയെ കണ്ടെത്തി തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നായയുടെ ഉടമസ്ഥയായ മിഷയും സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. മേഖലയിൽ തെരച്ചിൽ നടക്കുന്നതിനാൽ വിമാനങ്ങൾക്കായി റൺവേ ഉപയോഗിക്കാനാകില്ലെന്നും അധികൃതർ പറയുന്നു. വിമാനത്താവളത്തിന്റെ പല ഭാഗത്തും അമൽക്കയുടെ ചിത്രം പതിച്ച പോസ്റ്ററുകളും പതിച്ച് കഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. നാല് റൺവേകളാണ് ചാൾസ് ഡിഗോൽ വിമാനത്താവളത്തിലുള്ളത്.















