കൊച്ചി: ശബരിമല സന്നിധാനത്തെ പതിനെട്ടാംപടിയിൽ നിന്നുകൊണ്ട് പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. 23 പൊലീസുകാരെയും ‘നല്ലനടപ്പ്’ പഠിപ്പിക്കാൻ തീവ്ര പരിശീലനത്തിന് അയക്കുമെന്നാണ് വിവരം. എഡിജിപി എസ് ശ്രീജിത്താണ് തീവ്ര പരിശീലനത്തിന് നിർദേശം നൽകിയത്. എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥർക്ക് കണ്ണൂരിൽ കെഎപി ക്യാമ്പിൽ പരിശീലനം നൽകും. ഉദ്യോഗസ്ഥരോട് നേരിട്ടെത്തി വിശദീകരണം നൽകാനും നിർദേശമുണ്ട്.
ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാർഗ നിർദേശം കർശനമാക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നാണ് നിർദേശം. ശബരിമല ദർശനത്തിനെത്തുന്നവരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം. മാലയിട്ട് വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തരോട് ഒരുകാരണവശാലും പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറരുതെന്നും നിർദേശമുണ്ട്.
സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം കൃത്യമായി നിരീക്ഷിക്കും. അയ്യപ്പഭക്തരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ആത്മസംയമനം കൈവിടരുതെന്നും നിദേശത്തിൽ വ്യക്തമായി പറയുന്നു.















