ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദുമത നേതാവും , ഇസ്കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ അപലപിച്ച് ശ്രീ ശ്രീ രവിശങ്കർ . ചിൻമോയ് കൃഷ്ണ ദാസ് തന്റെ ആളുകളെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സന്യാസിമാരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യുന്നത് ബംഗ്ലാദേശ് സർക്കാരിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ മാത്രമാണ് ചിൻമോയ് കൃഷ്ണ ദാസ് ആഗ്രഹിക്കുന്നത് . ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച പ്രൊഫസർ എംഡി യൂനസ് സർക്കാരിൽ നിന്ന് ഞങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തീവ്ര ഘടകങ്ങളെ ബംഗ്ലാദേശ് സർക്കാർ നിയന്ത്രിക്കുമെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ബംഗ്ലാദേശ് സർക്കാർ ന്യൂനപക്ഷങ്ങളെ പരിപാലിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പുരോഗമനപരവും ലിബറൽ രാജ്യവുമായാണ് ബംഗ്ലാദേശ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ചില ഘടകങ്ങൾ അതിനെ പിന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് . അന്താരാഷ്ട്ര സമൂഹവും ഇത് ശ്രദ്ധിക്കണം.- ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് ചിന്മോയ് കൃഷ്ണദാസിനെ ധാക്ക എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് . ‘ ഞങ്ങൾ ആര്യന്മാരാണ്, ഈ മണ്ണിന്റെ യഥാർത്ഥ മക്കളാണ്. ഈ നാട് വിട്ട് പോകില്ല ‘ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ് .















