നിരൂപക പ്രശംസകൾ നേടി തിയേറ്ററുകളിൽ മുന്നേറുന്ന സണ്ണി വെയിൻ – ലുക്ക്മാൻ – ഹരിശ്രീ അശോകൻ ചിത്രം ’ടർക്കിഷ് തർക്കം‘ താത്കാലികമായി പിൻവലിക്കുന്നു. സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലർ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും നിർമ്മാതാക്കളായ ബിഗ് പിക്ചേഴ്സ് അറിയിച്ചു.
സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തിയ ‘ടർക്കിഷ് തർക്കം’ നവംബർ 22 നായിരുന്നു റിലീസ് ചെയ്തത്. ഒരു ഖബറടക്കവും അതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന തർക്കവും പൊലീസ് ഇടപെടലുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. നവാഗതനായ നവാസ് സുലൈമാനാണ് രചനയും സംവിധാനവും നിർവഹിച്ചത്.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായ സിനിമ നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. എന്നാൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തിയേറ്ററുകളിൽ നിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥയുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സിനിമയിൽ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ല. എന്നാൽ മതനിന്ദ നടത്തിയെന്ന വ്യാഖ്യാനങ്ങൾ പ്രചരിക്കപ്പെടുന്നതായി സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു.















