മാതാപിതാക്കളുടെ ഏറ്റവും വലിയ നിധിയായിരിക്കും പെൺമക്കൾ എന്നാണ് പൊതുവെ പറയാറുള്ളത്. അതിനെ ശരിവച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വ്യാപകമായി പ്രചരിക്കുന്നത്.
കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ മാരത്തോണിനിടെ നടന്ന സംഭവമാണത്. ഇതിനിടെയാണ് അൽ ഖബ്‌സ് മാദ്ധ്യമ ലേഖകൻ, ഒരു പെൺകുട്ടി തന്റെ മൊബൈലിൽ വീഡിയോ പകർത്തുന്നത് കാണുന്നത്.ഇതോടെ ആരുടെ ചിത്രമാണ് പകർത്തുന്നതെന്നായി കുട്ടിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. ഉപ്പയുടേത് ആണെന്നാണ് കുഞ്ഞ് മറുപടി നൽകുന്നത്. കുടുംബസമേതം മാരത്തോണിൽ പങ്കെടുക്കാനെത്തിയ ആളുടെ അഭിപ്രായം തേടുക എന്ന ലക്ഷ്യത്തിൽ കുട്ടിയുടെ പിതാവിന് നേരെ മാദ്ധ്യമ പ്രവർത്തകൻ മൈക്ക് നീട്ടുന്നു.
എന്നാൽ തനിക്ക് സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെന്നാണ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകന് ആംഗ്യഭാഷയിൽ മറുപടി നൽകുന്നത്. മാത്രമല്ല ഇവർ എല്ലാം പറഞ്ഞുതരുമെന്ന് മകളെ ചൂണ്ടി അദ്ദേഹം പറയുന്നു. ഞാനെല്ലാം തർജ്ജമ ചെയ്ത് തരാം, അദ്ദേഹത്തോട് ചോദിക്കൂ എന്നാണ് പെൺകുട്ടി മാദ്ധ്യമപ്രവർത്തകനോട് പറയുന്നത്. രണ്ടാം വയസ്സ് മുതൽ ഉപ്പ തന്നെ ആംഗ്യഭാഷ പഠിപ്പിച്ചിട്ടുണ്ടെന്നും, ഇ്‌പ്പോൾ തനിക്ക് എല്ലാം അറിയാമെന്നും അവൾ പറയുന്നു,
അനുജനും അനിയത്തിക്കും താൻ ആംഗ്യഭാഷ പഠിപ്പിച്ച് കൊടുത്തിട്ടുണ്ടെന്നും പറയുന്ന ഈ മിടുക്കി, മാദ്ധ്യമപ്രവർത്തകൻ ചോദിക്കുന്ന ഓരോ ചോദ്യത്തിനും കൃത്യമായ മറുപടിയും നൽകുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പെൺകുട്ടിക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ആ പിതാവിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് അവളെ പോലെ ഒരു മകൾ എന്നാണ് എല്ലാവരും പറയുന്നത്.