ധാക്ക: ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാടറിയിച്ച് ബംഗ്ലാദേശ് സർക്കാർ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് അഥവാ ഇസ്കോൺ “മതമൗലികവാദ സംഘടന”യാണെന്ന് ബംഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതിയിൽ എത്തിയ റിട്ട് ഹർജിയിലാണ് ബംഗ്ലാദേശ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഹൈന്ദവ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിലുടനീളം ന്യൂനപക്ഷ സംഘടനകൾ വ്യാപകമായി പ്രതിഷേധങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ നീക്കം. ഇതേസമയം ഇസ്‌കോണിനെയും മറ്റ് ഹിന്ദു സംഘടനകളെയും ലക്ഷ്യമിട്ട് ഇസ്ലാമിക സംഘടനകളുടെ ആക്രമണവും മറുവശത്ത് നടക്കുന്നുണ്ട്. ഇന്നലെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കൂടി തകർക്കപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാണ് ഇസ്ലാമിക സംഘടനകളെ പ്രകോപിപ്പിച്ചത്. ഇതിനിടെയാണ് ബംഗ്ലാദേശ് സർക്കാർ ജിഹാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്ന നിലപാട് വീണ്ടും സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഇസ്കോൺ നേതാവായിരുന്നു അറസ്റ്റിലായ ചിന്മയ് കൃഷ്ണ ദാസ്. മതന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. തുടർന്ന് ധാക്ക എയർപോർട്ടിൽ വച്ച് നവംബർ 25ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചായിരുന്നു പൊലീസ് നടപടി. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി. ഹിന്ദു സന്യാസിയുടെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിൽ ഇപ്പോഴും വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.