പട്ന: വഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനയ്ക്ക് എതിരാണെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ നിയമസഭാ സ്പീക്കർ സമയം നൽകിയില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും തേജസ്വി യാദവ് പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിദ്വേഷം പടർത്തുന്ന ഈ ബില്ലിനെ നിയമസഭയിലും പാർലമെന്റിലും ഞങ്ങൾ ശക്തമായി എതിർക്കും. വഖ്ഫ് ഭേദഗതി ബില്ല് പാസാക്കാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല. വിദ്വേഷ രാഷ്‌ട്രീയത്തിന് എതിരാണ് ഞങ്ങൾ. ഹൈന്ദവർക്കും മുസ്ലീങ്ങൾക്കുമിടയിൽ വിദ്വേഷം പടർത്താനും പരസ്പരം ഭിന്നിപ്പിക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസിന്റെ അജണ്ടയും ഇത് തന്നെയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചു. ഈ വിഷയത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ഡബിൾ ഗെയിം കളിക്കുകയാണെന്നും ജനങ്ങളുടെ അവകാശങ്ങളെ അവർ അവഗണിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.
വഖ്ഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെൻ്റ് കമ്മിറ്റി നീട്ടണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും മറ്റ് പ്രതിപക്ഷ എംപിമാരും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സന്ദർശിച്ചിരുന്നു.















