തൃശൂർ: നാട്ടികയിൽ വഴിയരികിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് ലോറികയറിയിറങ്ങി അഞ്ച് പേര് മരണപ്പെട്ട സംഭവത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ ജില്ലാ പൊലീസ് മേധാവി (റൂറൽ) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ അംഗം അംഗം വി.കെ ബീനാകുമാരിയാണ് റൂറൽ എസ് പിക്ക് നിർദ്ദേശം നൽകിയത്.
മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച തടി ലോറി പാഞ്ഞുകയറി പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്. ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. പുലർച്ചെ നാല് മണിയോടെ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ അപകടം ഉണ്ടായത്. തടിയുമായി വന്ന ലോറി റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
സംഭവത്തിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച ക്ലീനറും ഡ്രൈവർ ജോസും അറസ്റ്റിലായി. ലോറിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാർ അറിയിച്ചു. അപകടത്തിന്റെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.















