ലക്നൗ: ആഗ്ര എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ അഞ്ച് ഡോക്ടർമാർ മരിച്ചു. ഉത്തർപ്രദേശ് കനൗജ് ജില്ലയിലെ ലക്നൗ- ആഗ്ര എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. സ്കോർപിയോ കാർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സൈഫയ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് മരിച്ചത്. ലക്നൗവിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
അഞ്ച് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ആഗ്ര സ്വദേശികളായ അനിരുദ്ധ് വർമ (29), സന്തോഷ് കുമാർ (46), അരുൺകുമാർ (34), നാർദേവ് (35), രാകേഷ് കുമാർ (38) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അമിത് കുമാർ പറഞ്ഞു.