ഇപി ജയരാജന്റെ ആത്മകഥയിൽ കോട്ടയം എസ്പി പി. ഷാഹുൽ ഹമീദിന്റെ അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി. ഇപി ജയരാജന്റെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആത്മകഥ ചോർന്നത് ഡിസിയിൽ നിന്നാണെന്നാണ് അന്വേഷണ റിപ്പോർട്ട്. എന്നാൽ എന്തിനാണ് ചോർത്തിയതെന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തതയില്ല. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോട്ടയം ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി.
വസ്തുതാ വിരുദ്ധമാണ് റിപ്പോർട്ടെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ മറ്റോ റിപ്പോർട്ടിൽ ഇല്ല. എങ്ങനെയാണ് ചോർന്നതെന്നോ തുടർ നടപടികൾ എപ്രകാരം സ്വീകരിക്കണമെന്നോ റിപ്പോർട്ടിൽ വിശദീകരിക്കുന്നില്ല. ഇതിനിടയിലാണ് രാഷ്‌ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇപി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്. ഇതിനിടയിൽ ഡിസി പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെയും സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. അന്വേഷണം മന്ദഗതിയിൽ പോകുന്നതിനിടെയാണ് ഡിജിപി റിപ്പോർട്ട് മടക്കി നൽകിയത്.
‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിലാണ് ഡിസി ബുക്സ് ഇപി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ കവർചിത്രം പുറത്തുവിട്ടത്. പിന്നാലെ തന്റെ ആത്മകഥയിലുള്ള ഭാഗങ്ങളല്ല പുറത്തുവന്നതെന്നും തെറ്റായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും ഇപി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പുറത്ത് വന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുസ്തകത്തിന്‍റെ 178 പേജുകളുടെ പിഡിഎഫ് ഏതുവിധത്തിലാണ് പുറത്തുപോയതെന്ന് അറിയാനാണ് ഇപി പൊലീസിനെ സമീപിച്ചത്.















