ന്യൂഡൽഹി: കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘ബാലവിവാഹ മുക്ത ഭാരതം” ക്യാമ്പെയ്‌ന് തുടക്കം. ഇത് വെറും പ്രചാരണം മാത്രമല്ലെന്നും ശൈശവവിവാഹങ്ങൾ ഉന്മൂലനം ചെയ്യാനും രാജ്യത്തെ ഓരോ പെൺമക്കളേയും ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ള ദൗത്യവുമാണെന്നും കേന്ദ്രമന്ത്രി അന്നപൂർണാ ദേവി പറഞ്ഞു. ശൈശവ വിവാഹങ്ങൾ സംഭവിക്കുകയാണെന്ന് അത് റിപ്പോർട്ട് ചെയ്യാനും പരാതികൾ സമർപ്പിക്കുന്നതിനുമായി ശൈശവ വിവാഹ രഹിത ഭാരത് പോർട്ടലും ആരംഭിച്ചിട്ടുണ്ട്.
2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളും 21 വയസ്സിന് താഴെയുള്ള ആൺകുട്ടികളും വിവാഹം ചെയ്യുന്നത് നിരോധിക്കുമെന്നും, നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അന്നപൂർണാദേവി വ്യക്തമാക്കി. ” ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകിക്കൊണ്ട് ബാലവിവാഹങ്ങൾ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുക എന്നതാണ് ഈ ക്യാമ്പെയ്ൻ വഴി ലക്ഷ്യമിടുന്നത്. രാജ്യത്ത് ജനനസമയത്തെ ലിംഗാനുപാതം 2014-15 വർഷങ്ങളിൽ 918 ആയിരുന്നു. 2023-24 ആയപ്പോഴേക്കും അത് 930 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം രണ്ട് ലക്ഷത്തിലധികം ശൈശവ വിവാഹങ്ങളാണ് തടഞ്ഞത്. ആഗോളതലത്തിൽ ശൈശവ വിവാഹ നിരക്ക് കുറയ്‌ക്കുന്നതിൽ ഇന്ത്യ നൽകിയ സംഭാവനയെ ഐക്യരാഷ്‌ട്രസഭയും പ്രശംസിച്ചിട്ടുണ്ട്.
പെൺകുട്ടികൾക്ക് ആവശ്യമുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ ജീവിത സാഹചര്യം എന്നിവ ഉറപ്പാക്കിക്കൊണ്ട് അവരെ ശാക്തീകരിക്കുകയാണ് ഈ ക്യാമ്പെയ്ൻ വഴി ലക്ഷ്യമിടുന്നത്. ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ശൈശവവിവാഹം ഇല്ലാതാക്കുക എന്നതിനപ്പുറമായി രാജ്യത്തിന്റെ ഓരോ പെൺമക്കളേയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താനും അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും” അന്നപൂർണാ ദേവി വ്യക്തമാക്കി.















