കൊൽക്കത്ത: ബംഗ്ലാദേശിലെ ഹിന്ദുമത നേതാവും, ഇസ്കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ ഇന്ത്യയോടുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പ്രതികരണം നിരാശാജനകമെന്ന് ഇസ്കോൺ കൊൽക്കത്ത. അറസ്റ്റിനെയും ന്യൂനപക്ഷ ഹിന്ദു ജനതയ്‌ക്കെതിരായ ആക്രമണങ്ങളെയും അപലപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാൽ ബംഗ്ലാദേശ് സർക്കാരിന്റെ മറുപടി ഇന്ത്യൻ സർക്കാർ സ്വന്തം കാര്യം നോക്കാൻ ഉപദേശിക്കുന്നതുപോലെയാണെന്ന് ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റും വക്താവുമായ രാധാരമൺ ദാസ് പറഞ്ഞു.
ബംഗ്ലാദേശ് സർക്കാരിന്റെ തണുപ്പൻ പ്രതികരണം ആശങ്കയുണ്ടാക്കുന്നതാണ്. ബംഗ്ലാദേശിലെ സന്യാസിമാരിൽ നിന്നും മറ്റ് അനുയായികളിൽനിന്നും തനിക്ക് കോളുകളും വീഡിയോകളും ലഭിച്ചിട്ടുണ്ടെന്നും പലരും ഭയന്ന് ആശ്രമങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ബംഗ്ലാദേശിലെ ഷിബ്ചാറിലെ ഒരു ഇസ്‌കോൺ ആശ്രമം കഴിഞ്ഞ ദിവസം രാത്രി ഭീഷണിയെത്തുടർന്ന് നിർബന്ധിതമായി അടച്ചുപൂട്ടി. വീടുകൾക്ക് തീയിട്ടതായും ആക്രമത്തിൽ 250 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഒരു കാളി ക്ഷേത്രവും തകർത്തു. ഇത് തികഞ്ഞ അരാജകത്വമാണ്,” അദ്ദേഹം പറഞ്ഞു.
ഇസ്കോണിനെ മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സർക്കാർ വിശേഷിപ്പിച്ചതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയതും ഞെട്ടിച്ചുവെന്ന് രാധാരമൺ ദാസ് പറഞ്ഞു. തങ്ങളുടേത് ജാതി, മത വ്യത്യാസമില്ലാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ മതമോ ജാതിയോ ചോദിക്കാതെ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു. ബംഗ്ലാദേശിലും ഇത് തുടരുന്നു. എന്നിട്ടും വിവേചനപരമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.















