മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തിട്ട് ഇന്ന് 16 വർഷങ്ങൾ തികയുന്നു. ഇന്ത്യ ക്രിക്കറ്റിൽ തോറ്റാൽ പോലും സന്ദീപിന് സഹിക്കാൻ കഴിയില്ലായിരുന്നു. ഐഎസ്ആർഒ ദൗത്യം പരാജയപ്പെട്ടാൽ പോലും ഏറെ ദുഖിതനാകുമായിരുന്നു അയാൾ. ഏറ്റെടുക്കുന്ന പ്രവർത്തികളിൽ വിജയം കാണാതെ മടങ്ങാൻ മേജർ സന്ദീപ് തയ്യാറായിരുന്നില്ല,അതേ മനോഭാവത്തോടെയാണ് 2008 ൽ മുംബൈ ആക്രമിക്കാനെത്തിയ ഭീകരരെയും സന്ദീപ് നേരിട്ടത്, സ്വന്തം രാജ്യം തോൽക്കാൻ പാടില്ലെന്ന ദൃഢനിശ്ചയമായിരുന്നു അതിനു പിന്നിൽ.
ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെയും മകനാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍. 2008 നവംബര്‍ 26 ന് മുംബൈ താജ് ഹോട്ടലിൽ എത്തിയ ലഷ്കര്‍ ഇ ത്വയ്ബ തീവ്രവാദികളെ നേരിടാന്‍ അയച്ച 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ കമാന്‍ഡർ സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു. പത്ത് കമാൻഡോകളുടെ സഹായത്തോടെ മേജര്‍ ഉണ്ണികൃഷ്ണന്‍ കോണിപ്പടിയിലൂടെ ഹോട്ടലിന്റെ ആറാം നിലയില്‍ എത്തി.
അഞ്ചും ആറും നിലയില്‍ ബന്ദികളായിരുന്ന മുഴുവന്‍ പേരെയും മേജര്‍ ഉണ്ണികൃഷ്ണനും സംഘവും ചേര്‍ന്ന് മോചിപ്പിച്ചു. തിരിച്ചു വരവേ നാലാം നിലയിലെ ഒരു മുറിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയമുണര്‍ന്നു. ഈ മുറി ഉള്ളില്‍ നിന്നും കുറ്റിയിട്ടിരുന്നു. മുറി തകര്‍ത്ത് ഉള്ളില്‍ കടക്കുന്നതിനിടയില്‍ തീവ്രവാദികള്‍ തുരുതുരാ നിറയൊഴിച്ചു.
വെടിവയ്പ്പിനിടെ സഹസൈനികന്‍ സുനില്‍ കുമാര്‍ യാദവിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ തുളച്ചുകയറി. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ഉണ്ണികൃഷ്ണന്‍ തോളില്‍ ചുമന്നു. ഇതിനിടയില്‍ ഒരു ഗ്രനേഡ് മുറിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച് തീവ്രവാദികള്‍ രക്ഷപ്പെട്ടു.
അടുത്ത നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച തീവ്രവാദികളെ ഒറ്റയ്‌ക്ക് തുരത്താൻ അദ്ദേഹം തീരുമാനിച്ചു. നാല് തീവ്രവാദികളെയും താജ്മഹൽ ഹോട്ടലിന്റെ വടക്കേ അറ്റത്തുള്ള ബോൾറൂമിലേക്ക് എത്തിക്കാൻ സന്ദീപിനായി. ഈ ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹം വീരമൃത്യു വരിക്കുന്നത്. തന്റെ ജീവൻ നഷ്ടപ്പെട്ടാലും, രാജ്യത്തിനു വേണ്ടി പോരാടാൻ സൈനികർ ഉണ്ടാകണമെന്ന ഉറച്ച നിലപാട്. അതുകൊണ്ട് തന്നെ ആരും അടുത്തേയ്‌ക്ക് വരരുതെന്നും, ഭീകരരുടെ കാര്യം താൻ നോക്കികൊള്ളാമെന്നുമാണ് അദ്ദേഹം സഹപ്രവർത്തകർക്ക് നൽകിയ അവസാന സന്ദേശം.
മുംബൈ താജ് ഹോട്ടലിലെ ബോൾറൂമിലും വസാബി റസ്റ്റോറൻ്റിലും കുടുങ്ങിയ നാല് ഭീകരരെയും എൻഎസ്ജി കമാൻഡോകൾ പിന്നീട് വധിച്ചു. മരണാനന്തരം മേജർ സന്ദീപ് ഉണ്ണികൃഷ്ണന് അശോകചക്ര പുരസ്കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും രാജ്യത്തിനായുള്ള പോരാട്ടവും പ്രമേയമാക്കി പുറത്തുവന്ന മേജർ എന്ന സിനിമ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവത്യാഗത്തിനുള്ള ആദരവായിരുന്നു.16 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിലും സന്ദീപിന്റെ മരണമില്ലാത്ത ഓർമകൾക്ക് മുൻപിൽ ആദരവാർപ്പിക്കുകയാണ് രാജ്യം.















