ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ കേരളത്തിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫെംഗൽ ചുഴലിക്കാറ്റ് നവംബർ 28-നും 29-നും ഇടയിൽ പുതുച്ചേരി തീരത്ത് കരതൊടുമെന്നും നാളെ രാവിലെ അതിതീവ്രന്യൂന മർദ്ദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കരയിലെത്തുന്നത്. തുടർന്ന് ശക്തി കുറഞ്ഞ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കും.
ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അപകടസാധ്യതാ മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ സ്ഥലത്തുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നൈ ഉൾപ്പെടെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. മയിലാടുതുറൈ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈയിലെ വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട് കടൽത്തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.















