ന്യൂഡൽഹി: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെയും ഹൈന്ദവരുടെയും സുരക്ഷയ്‌ക്ക് ബംഗ്ലാദേശ് സർക്കാർ പ്രാധാന്യം നൽകണമെന്നും ഹൈന്ദവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗ്ലാദേശിലെ ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധാക്ക തൻതിബസാറിലെ പൂജാ മണ്ഡപത്തിന് നേരെയുണ്ടായ ആക്രമണവും സത്ഖിരയിലെ ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ ദുർഗാപൂജയ്‌ക്കിടെ നടന്ന മോഷണത്തിലും ഇന്ത്യയ്‌ക്ക് അതീവ ആശങ്കയുണ്ട്. എല്ലാ ന്യൂനപക്ഷ സമൂഹത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് ബംഗ്ലദേശ് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കീർത്തി വർദ്ധൻ സിംഗ് പറഞ്ഞു.
രാജ്യദ്രോഹ കുറ്റം ആരോപിച്ച് ബംഗ്ലാദേശ് സുരക്ഷാസേന പിടികൂടിയ ഇസ്‌കോൺ പുരോഹിതൻ ചിൻമയ് കൃഷ്ണദാസിനെ വിട്ടയയ്‌ക്കണമെന്ന ആവേശം ഉയരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. ഹൈന്ദവർക്കെതിരെയുള്ള ആക്രമണങ്ങൾ ഗൗരവതരമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ നാളെ( നവംബർ 29-ന്) പാർലമെന്റിന്റെ ഇരുസഭകളെയും എസ് ജയശങ്കർ അഭിസംബോധന ചെയ്യും.















