ടൊവിനോ തോമസും തെന്നിന്ത്യൻ താരസുന്ദരി തൃഷയും ഒന്നിക്കുന്ന ചിത്രം ഐഡന്റിറ്റി ജനുവരിയിൽ റിലീസ് ചെയ്യും. ഫോറൻസിക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഐഡന്റിറ്റി. 2025 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തൃഷ നായികവേഷത്തിലെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
അഖിൽ പോൾ- അനസ് ഖാൻ എന്നിവർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം റെക്കോർഡ് തുകയ്‌ക്കാണ് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ഐഡിന്റിറ്റിയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.















