കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നെളളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ആനകളെ എഴുന്നെളളിച്ചില്ലെങ്കിൽ ഹിന്ദുമതം തകരുമോയെന്നും ആചാരങ്ങൾ തകരുമോയെന്നുമുളള കോടതിയുടെ ചോദ്യം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
15 ആനകളെ എഴുന്നെളളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുടെ വാദങ്ങൾ പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥുമടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണിതെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞിരുന്നു. എത്ര നാട്ടനകളാണ് സമീപ ഭാവിയിൽ കേരളത്തിൽ ചെരിഞ്ഞതെന്നും ഇതൊന്നും ആരും കാണാത്തത് എന്താണെന്നും ചോദിച്ചാണ് ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവർഗമാണതെന്നും കോടതി അഭിപ്രായപ്പെട്ടത്. ആനപ്രേമികളെ ലക്ഷ്യം വെച്ചായിരുന്നു കോടതിയുടെ വിമർശനം.
എഴുന്നളളിപ്പിന് ആനകൾ തമ്മിൽ കുറഞ്ഞത് മൂന്നു മീറ്റർ അകലം വേണമെന്നാണ് ഹൈക്കോടതിയുടെ മാർഗനിർദ്ദേശം. എന്നാൽ പൂർണത്രയേശ ക്ഷേത്രത്തിലെ എഴുന്നെളളിപ്പിനുളള സ്ഥലം കണക്കാക്കിയാൽ ആനകളെ തമ്മിൽ ചേർത്ത് നിർത്തേണ്ടി വരും. ഇത് എങ്ങനെ അനുവദിക്കാനാകുമെന്ന് കോടതി ചോദിച്ചു. പരിഹാസ്യമായ വാദങ്ങളാണ് ആനകളെ എഴുന്നെളളിക്കാൻ ഉന്നയിക്കുന്നതെന്നും ആചാരത്തിന്റെ പേര് പറഞ്ഞ് 15 ആനകളെ എഴുന്നളളിക്കണമെന്ന് ക്ഷേത്ര ഭരണസമിതി വാശി പിടിക്കുന്നത് ശരിയല്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആനകളെ പൊതുനിരത്തിൽകൂടി കൊണ്ടുപോകരുതെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. കോടതി നിർദ്ദേശങ്ങൾ ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക അന്നേ വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.
തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിന്റെ സാംസ്‌കാരികമേഖലയ്‌ക്ക് അലങ്കാരമായ പല പരിപാടികളുടെയും നടത്തിപ്പ് കോടതി നിർദ്ദേശമനുസരിച്ച് പ്രതിസന്ധിയിലാകും. ആനകളുടെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും പരിഗണിക്കണമെന്നും ഇളവുകൾ അനുവദിക്കാനാകില്ലെന്നുമാണ് കോടതിയുടെ നിലപാട്.
വാദം തുടരുന്നതിനിടെ ആനവിദഗ്ധനെ ഓൺലൈനായി വിളിച്ചുവരുത്തിയും ഡിവിഷൻ ബെഞ്ച് അഭിപ്രായം തേടിയിരുന്നു. നിശ്ചിത അകലം പാലിക്കാതിരുന്നാൽ ആനകൾ അസ്വസ്ഥരാകാൻ സാദ്ധ്യതയുണ്ടെന്ന് ആയിരുന്നു ആന വിദഗ്ധന്റെ അഭിപ്രായം.