കോതമംഗലം: കുട്ടമ്പുഴ കാട്ടിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് മൂന്ന് പേരെയും കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു.
വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത സ്ഥലമാണെന്നും നടന്ന് തന്നെയാകും സംഘമെത്തുകയെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ.
മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് പോയപ്പോഴാണ് സ്ത്രീകൾ കാട്ടിൽ കുടുങ്ങിയത്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരാണ് കുടുങ്ങിയത്. പൊലീസും അഗ്നിരക്ഷാ സേനയും വനം വകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും മൊബൈൽ ഫോൺ ഉടൻ ഓഫ് ആകുമെന്നും മായ അറിയിച്ചതായി ഭർത്താവ് പറഞ്ഞിരുന്നു. ഇതിനിടയിൽ കാണാതായവരിൽ ഒരാളുടെ വീട്ടിലേക്ക് ഫോൺ കോളുമെത്തിയിരുന്നു. പാറയുടെ പുറത്താണ് നിൽക്കുന്നതെന്നും ചുറ്റിലും കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ എല്ലാവരും പരിഭ്രാന്തരായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതും തെരച്ചിലിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.















