ധാക്ക : സർക്കാർ പിന്തുണയോടെ ആസൂത്രിതമായ ഹിന്ദു വേട്ട തുടരുന്ന ബംഗ്ലാദേശിൽ, കോടതി പരിസരത്ത് പോലീസ് അതിക്രമത്തിൽ അഭിഭാഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഹിന്ദുക്കളെ പ്രതികളാക്കി പൊലീസ്.
ഇടക്കാല സർക്കാർ കേസിൽ കുടുക്കി ജയിലിലടച്ച ഹിന്ദു സന്യാസി ചിൻമയ് കൃഷ്ണ ദാസിന്റെ ജാമ്യഹർജിയിൽ വിധി പറയുന്ന ദിവസം കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സെയ്ഫുൾ ഇസ്ലാം അലിഫ് എന്ന അഭിഭാഷകൻ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ഒരു സംഘം ഹിന്ദുക്കളെ പ്രതികളാക്കി കേസെടുക്കുകയായിരുന്നു.
ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ബംഗ്ലാദേശിലെ ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജാമ്യം നിഷേധിച്ച കോടതി ഉത്തരവിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതിഷേധിച്ചു. ഇസ്കോൺ സന്യാസിയെ ജയിലിലേക്ക് കൊണ്ടുപോകാൻ വാനിൽ കയറ്റിയതോടെ പ്രതിഷേധം ആളിക്കത്തി. കൃഷ്ണ ദാസിനെ കൊണ്ടുപോകുന്ന ജയിൽ വാൻ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ പൊലീസ് ആക്രമിക്കുകയായിരുന്നു. സൗണ്ട് ഗ്രനേഡുൾപ്പടെ പൊലീസ് പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ എട്ട് പേർ ഗുരുതര പരിക്കേറ്റ് നിലവിൽ ആശുപത്രിയിലാണ്.















