ടർക്കിഷ് തർക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും നേരിട്ടിട്ടില്ലെന്ന് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച നടന്മാരായ സണ്ണി വെയ്‌നും ലുക്മാൻ അവറാനും. സിനിമ പിൻവലിക്കാനിടയായ സാഹചര്യത്തെ കുറിച്ച് നിർമാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും, സോഷ്യൽ മീഡിയയിലൂടെയാണ് സിനിമ പിൻവലിച്ച വിവരം അറിയുന്നതെന്നും സണ്ണി വെയ്ൻ പറഞ്ഞു.
സിനിമ തീയേറ്ററിൽ നിന്ന് പിൻവലിച്ചത് നിർമാതാവിന്റെയും സംവിധാനയകന്റെയും തീരുമാനമാണെന്നും, സിനിമയുടെ പേരിൽ തനിക്കോ തന്റെ അറിവിലുള്ള ആർക്കെങ്കിലുമോ ഒരു ഭീഷണിയും വന്നിട്ടില്ലെന്ന് ലുക്മാൻ അവറാൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സിനിമ പിൻവലിക്കാനിടയായ കാരണം സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ല. ഇപ്പോൾ സിനിമയുടെ പേരിൽ ഉയരുന്ന ചർച്ചകളിൽ ഒരു പങ്കുമില്ല. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാടെന്നും ലുക്മാൻ പറയുന്നു.
മതനിന്ദ നടത്തിയെന്ന ആരോപണം ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നത് കൊണ്ടാണ് ചിത്രം പിൻവലിക്കുന്നതെന്ന് നിർമാതാവ് നാദിർ ഖാലിദും, സംവിധായകൻ നവാസ് സുലൈമാനും കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത്. സിനിമ തിയേറ്ററിൽ നിന്ന് താത്കാലികമായി പിൻവലിക്കുകയാണെന്നും, ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും പ്രദർശനത്തിന് എത്തിക്കും എന്നുമാണ് നിർമാതാക്കൾ പറഞ്ഞത്. നവംബർ 22നാണ് ചിത്രം റിലീസ് ചെയ്തത്. ഒരു സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.















