തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയിൽ അഭിനയിക്കുന്നതിന് വേണ്ടി പത്ത് കിലോയോളം ഭാരം കൂട്ടേണ്ടി വന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. ഷൂട്ടിംഗ് സമയത്ത് ഒരുപാട് പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും ആദ്യ ഷോട്ട് തന്നെ പാളിപോയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. പുതിയ ചിത്രം ഹലോ മമ്മി തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വരത്തൻ, മായാനദി എന്നീ സിനിമകൾ കഴിഞ്ഞ ഉടനെ വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. കഥ കേട്ടപ്പോൾ ഇത് ചെയ്താൽ ശരിയാകില്ല എന്നോർത്ത് നോ പറഞ്ഞു. രണ്ടാമത് കേട്ടപ്പോൾ കുഴപ്പമില്ലല്ലോ എന്നെനിക്ക് തോന്നി. പക്ഷേ, സിനിമയ്‌ക്ക് വേണ്ടി എനിക്ക് റെഡിയാകാനുള്ള സമയം കുറവായിരുന്നു. കഥാപാത്രത്തെ കണ്ടാൽ സ്ട്രോങ് ആണെന്ന് തോന്നണം. അതിന് വേണ്ടി പത്ത് കിലോ വണ്ണം കൂട്ടിയിരുന്നു. വണ്ണം വയ്‌ക്കാൻ അഞ്ച് മാസമെടുത്തു’.
ആരോഗ്യപരമായി ആ സിനിമ ചെയ്യാൻ എനിക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് ഒരുപാട് പരിക്കുകളുണ്ടായി. എങ്ങനെ പറ്റുന്നുവെന്ന് പോലും അറിയില്ല. നായകന്മാരൊക്കെ എങ്ങനെയാണ് ഈ ഫൈറ്റ് സീനൊക്കെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചുപോയി. ഗുസ്തി പരിശീലിച്ച് ആദ്യ ഷോട്ട് എടുക്കുമ്പോൾ കഴുത്തിന് പരിക്കേറ്റിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.