ന്യൂഡൽഹി; മതമൗലികവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സർക്കാർ നിരോധിക്കാൻ നീക്കം നടത്തിയ ഇസ്‌കോൺ, സന്നദ്ധ സേവനത്തിലൂടെ സഹായമെത്തിക്കുന്നത് ബംഗ്ലാദേശിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പാവപ്പെട്ടവർക്കാണ്. രാജ്യം സാമ്പത്തിക ഞെരുക്കത്തിലൂടെയും ആഭ്യന്തര സംഘർഷങ്ങളിലൂടെയും കടന്നുപോയ ഘട്ടങ്ങളിലെല്ലാം ബംഗ്ലാദേശിലെ ജനങ്ങൾക്ക് താങ്ങും തണലുമായിരുന്നു.
ഹരേ കൃഷ്ണ പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന ISKCON . ബംഗ്ലാദേശിലെ ഉൾഗ്രാമങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ക്ഷേമത്തിനായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇവർ നടത്തിയിട്ടുളളത്. ഇസ്‌കോണിനെ നിരോധിക്കണമെന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ആവശ്യം പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈൻ ലോകത്തും ഇത് വലിയ ചർച്ചയായിക്കഴിഞ്ഞു.

ഷെയ്ഖ് ഹസീന സർക്കാർ അട്ടിമറിക്കപ്പെട്ട ശേഷം നടന്ന കലാപങ്ങളിൽ ബംഗ്ലാദേശിലുടനീളം നിരവധി ഇസ്‌കോൺ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു. ഖുൽന ഡിവിഷനിലെ മെഹർപൂരിൽ ഇസ്‌കോൺ ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങൾ തകർത്തിട്ടിരിക്കുന്ന ദൃശ്യങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു. ഇസ്‌കോണിന്റെ നേതൃത്വത്തിൽ ഇഫ്താർ പാർട്ടി ഒരുക്കിയ ക്ഷേത്രങ്ങൾ പോലും തകർക്കപ്പെട്ടു.

അന്നദാനത്തിനായി ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് പോലും ഇസ്‌കോൺ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. എന്നാൽ ഇതിന് ശേഷവും ബംഗ്ലാദേശിലെ അരക്ഷിതാവസ്ഥയിലും പാവപ്പെട്ട ജനങ്ങളെ ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവില്ലാതെ ചേർത്തുനിർത്തി കരുതലൊരുക്കിയിരുന്നു ഇസ്‌കോൺ.
ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഇസ്‌കോൺ നടത്തുന്ന അന്നദാനത്തിലൂടെ വിശപ്പടക്കുന്നവരിൽ വിവിധ മത വിശ്വാസികളായ പതിനായിരക്കണക്കിന് പാവപ്പെട്ടവരുണ്ട്. ഈ പ്രസ്ഥാനത്തിന്റെ കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും ഇതര മതസ്ഥർക്കും അന്നദാനം പതിവാണ്.

ബംഗ്ലാദേശിലെ ഭൂരിപക്ഷ സമുദായക്കാരിൽ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന ഇടങ്ങളിൽ വാഹനങ്ങളിൽ ഭക്ഷണമെത്തിച്ചും വസ്ത്രങ്ങളെത്തിച്ചും ഇസ്‌കോൺ അവരുടെ അതിരുകളില്ലാത്ത സേവനമുഖം തുറന്നുകാട്ടി.
വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ സമയത്തും ജാതിയും മതവും നോക്കാതെ ബംഗ്ലാദേശ് ജനതയുടെ കൂടെ നിന്ന സംഘടനയാണ് ഇസ്‌കോൺ. കോവിഡ് വ്യാപന സമയത്തും ആളുകൾക്ക് ഭക്ഷണവും കരുതലുമായി മുൻപന്തിയിലായിരുന്നു ഹരേ കൃഷ്ണ പ്രസ്ഥാനത്തിലെ ഭക്തർ. ബംഗ്ലാദേശിൽ ഈ പ്രസ്ഥാനം മുൻപും നിരവധി അക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം ക്ഷമയോടും സമാധാനത്തോടും പുഞ്ചിരിയോടെയും മറികടന്നു ഇവർ പ്രയാണം തുടർന്നു.

യുദ്ധ സ്ഥലങ്ങളിലും ആഭ്യന്തര സംഘർഷങ്ങൾ സമാധാന ജീവിതം തകർത്ത മേഖലകളിലും ലോകത്താകമാനം ആളുകളെ സഹായിക്കാൻ ഓടിയെത്തുന്ന സംഘങ്ങളിൽ ഒന്നാമതാണ് ഹരേ കൃഷ്ണ പ്രസ്ഥാനം. തീവ്രവാദികളുടെ ക്രൂരമായ ആക്രമണങ്ങൾക്ക് പലപ്പോഴും ഇരയായിട്ടും, ബംഗ്ലാദേശിലെ നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടും മറ്റുള്ളവരെ സഹായിക്കുന്നതും ചേർത്തുനിർത്തുന്നതും ഇവർ ഒരിക്കലും നിർത്തിയിട്ടില്ല. കാരണം, ശാന്തി ദൂതനായ ഭഗവാൻ ശ്രീകൃഷ്ണനെയും സ്നേഹത്തിന്റെ പ്രതിരൂപമായ ശ്രീരാമന്റെയും പാത പിന്തുടരുന്ന പ്രസ്ഥാനമാണിതെന്ന് മാത്രമാണ് ഇസ്‌കോണിന്റെ മറുപടി. അടുത്തിടെ ബംഗ്ലാദേശ് കലാപത്തിനിടെ ഇസ്‌കോൺ ക്ഷേത്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോഴും ഇക്കാര്യം ചർച്ചയായിരുന്നു.

ബംഗ്ലാദേശിൽ മാത്രമല്ല ലോകത്തൊട്ടാകെ ഇസ്‌കോണിന്റെ പ്രവർത്തനം ഇങ്ങനെ തന്നെയാണ്. കേരളവും ആ കരുതൽ അനുഭവിക്കുന്നുണ്ട്. തിരുവനന്തപുരം കാൻസർ സെന്ററിനു മുന്നിൽ എല്ലാ ദിവസവും ഹരേ കൃഷ്ണ പ്രസ്ഥാനം നടത്തുന്ന അന്നദാനം ശ്രദ്ധേയമാണ്. ജാതി, മത ഭേദമില്ലാതെ നിരവധി പേരാണ് ഇവിടെ ഇവരുടെ സ്‌നേഹം എറ്റുവാങ്ങുന്നത്. ഇസ്‌കോണിനെതിരെ ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങളിൽ കേരളത്തിലുൾപ്പെടെ ആശങ്ക ഉയരുന്നതും ഇക്കാരണത്താലാണ്.















