തുടർച്ചയായ വിജയങ്ങളുമായി മുന്നേറുകയാണ് തമിഴ് താരം ശിവകാർത്തികേയൻ. ശിവകാർത്തികേയനും നടി സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അമരൻ ചിത്രം വൻ വിജയമാണ് നേടിയത്. സംവിധായകൻ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം മേജർ മുകുന്ദ വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
രാജ്കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സൈനിക ഓഫീസർമാരുടെ ജീവിതം മനസ്സിലാക്കി നിർമ്മിച്ച ഈ ചിത്രം തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും മികച്ച സ്വീകാര്യത നേടിയിരുന്നു.
ഇപ്പോഴിതാ സൈനിക ഓഫീസർമാർ നടൻ ശിവകാർത്തികേയനെ അഭിനന്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത് . ആർമിയുടെ “ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി”യുടെ പേരിലാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്.
മേജർ മുകുന്ദിന്റെ ജീവിതം അവതരിപ്പിക്കാനായത് തനിക്ക് ഒരു ബഹുമതിയാണെന്ന് ചടങ്ങിൽ ശിവകാർത്തികേയൻ പറഞ്ഞു . യഥാർത്ഥ ജീവിതത്തിലെ നായകന്മാരെക്കുറിച്ചുള്ള കഥകൾ പുറത്ത് കൊണ്ടുവരുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും ശിവകാർത്തികേയൻ ചൂണ്ടിക്കാട്ടി.















