‘വലം കണ്ണ് തുടിച്ചാൽ വലയും, ഇടം കണ്ണ് തുടിച്ചാൽ ഇണയെ കാണും’ കണ്ണുകൾ തുടിക്കുമ്പോൾ പലരും പറയുന്നൊരു പഴമൊഴിയാണിത്. എന്നാൽ സത്യാവസ്ഥ മനസിലാക്കാതെ ഇന്നും ആളുകൾ പഴമക്കാരുടെ വാക്കുകൾ പറഞ്ഞുകൊണ്ടോയിരിക്കുന്നു. യഥാർത്ഥ കാരണം അന്വേഷിക്കുന്നില്ല എന്നതാണ് സത്യം. ഒരു നിമിഷത്തെ കണ്ണ് തുടിപ്പല്ല ഇവിടുത്തെ പ്രശ്നം, കണ്ണ് തുടിപ്പ് തുടർച്ചയായി ഉണ്ടാകുന്നതാണ് വലിയ പ്രശ്നങ്ങൾക്ക് വഴിവക്കുന്നത്.
ചിലർക്ക് കുറച്ച് സമയം കഴിഞ്ഞ് കണ്ണ് തുടിപ്പ് മാറും. എന്നാൽ മറ്റ് ചിലർക്ക് ഇത് വിട്ടുമാറാതെ വന്നുകൊണ്ടിരിക്കും. പൊതുസ്ഥലങ്ങളിലും മീറ്റിംഗുകളിലുമൊക്കെ ഇരിക്കുമ്പോൾ ഇത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കൺപോളകളിലെ മസിലുകൾക്കുണ്ടാകുന്ന ചലനങ്ങളാണ് കണ്ണിന്റെ തുടപ്പിന് കാരണം.
ലൈറ്റുള്ള ഭാഗത്തേക്ക് തുടർച്ചയായി നോക്കിയിരിക്കുന്നവർക്ക് കണ്ണ് തുടിപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ കണ്ണ് ചിമ്മാതെ ഒരു ഭാഗത്ത് തന്നെ നോക്കിയിരുന്നാലും കണ്ണ് തുടിപ്പ് ഉണ്ടാകും. മൊബൈലും കമ്പ്യൂട്ടറും തുടർച്ചയായി നോക്കിയിരിക്കുന്നവർക്ക് ഇത് ഉണ്ടാകാം. തുടർച്ചയായി നോക്കുമ്പോൾ ഇമവെട്ടലുകൾ കുറഞ്ഞുവരികയും കണ്ണ് ഡ്രൈ ആവുകയും ചെയ്യുന്നു.
അമിതമായ മാനസിക സമ്മർദ്ദം ഉള്ളവർക്കും ഉറക്കക്കുറവ് ഉള്ളവർക്കും കണ്ണ് തുടിപ്പ് ഉണ്ടാകാറുണ്ട്. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലാണ് കണ്ണ് തുടിപ്പ് കൂടുതലായി കണ്ടുവരുന്നത്. ഏഴ്, എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങുക, ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുക, ടെൻഷൻ കുറയ്‌ക്കുക, പരമാവധി കൂടുതൽ തവണ കണ്ണ് ചിമ്മാൻ ശ്രമിക്കുക എന്നിവ ശ്രദ്ധിച്ചാൽ കണ്ണ് തുടിപ്പ് ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാനാകും.















