തിരുവനന്തപുരം: സർട്ടിഫിക്കറ്റ് ആവശ്യത്തിന് എത്തിയ പ്രാദേശിക ഇടതു നേതാക്കൾ ജീവനക്കാരെ മർദ്ദിച്ചുവെന്ന് ആരോപിച്ച് വില്ലേജ് ഓഫീസിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. തിരുവനന്തപുരം കടകംപള്ളി വില്ലേജ് ഓഫീസിലാണ് സംഭവം.
വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മുടങ്ങിയത് അറിയാതെ സാധാരണ പോലെ വിവിധ സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കുമായി എത്തിയ ജനങ്ങൾ നിരാശരായി മടങ്ങുകയായിരുന്നു. താൽക്കാലികമായി ആറ്റിപ്ര, ചെറുവക്കൽ വില്ലേജിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ കടകംപള്ളി വില്ലേജ് ഓഫീസിൽ എത്തിച്ചുവെങ്കിലും ആളുകൾക്ക് യാതൊരു സേവനവും ഇവിടെ നിന്നും ലഭിച്ചില്ല.
ഇവിടെ ആരുമില്ലാത്തതുകൊണ്ട് ഒരു ദിവസത്തേക്ക് തന്നെ ഇവിടെ പോസ്റ്റ് ചെയ്തതാണെന്ന് ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവനക്കാർക്ക് സംരക്ഷണം നൽകി വില്ലേജ് ഓഫീസ് പൂർണതോതിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.

അതേസമയം കൂട്ട അവധിയെടുത്ത ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ റവന്യൂ മന്ത്രി എഡിഎമ്മിന് നിർദ്ദേശം നൽകി.















