കൊച്ചി: എറണാകുളത്തപ്പൻ മൈതാനത്ത് 27 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു. ബംഗാൾ ഗവർണ്ണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. സർവ്വ വികസനവും പൂർണ്ണതയിൽ എത്താൻ കലയും ശാസ്ത്രവും കൂടിയേത്തീരൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ.എം.കെ സാനുമാഷ് പുസ്തകോത്സവ സന്ദേശം നൽകി.
ജസ്റ്റിസ് പി.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിജി ഭരത്ത് സ്വാഗതവും, പി.സോമനാഥൻ കൃതജ്ഞതയും രേഖപ്പെടുത്തി. പുസ്തകോത്സവത്തിന്റെ ബുള്ളറ്റിൻ റിലീസ് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ എറണാകുളം എം.എൽ.എ ടി.ജെ. വിനോദിന് നൽകി നിർവ്വഹിച്ചു. ഡോ.സി.വി. ആനന്ദബോസിന്റെ പുസ്തകങ്ങളുടെ ചർച്ചയും നടന്നു. ചർച്ചയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ഡോ.എം.ആർ.തമ്പാൻ, വെച്ചൂച്ചിറ മധു, സുകുമാരൻ പെരിയച്ചൂർ എന്നിവർ പങ്കെടുത്തു.
പ്രൊഫ.എം.കെ. സാനു മാഷിനെ ബംഗാൾ ഗവർണ്ണർ ഡോ.സി.വി. ആനന്ദബോസ് പൊന്നാടയണിയിച്ച് ആദരിച്ചു. മാദ്ധ്യമ രംഗത്ത് ബീനാ റാണി (ജനം ചാനൽ), കവിതാരചനയ്‌ക്ക് ശ്രീനിവാസൻ തൂണേരി എന്നിവർക്ക് ഗവർണ്ണർ എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് മികച്ച എഴുത്തുകാർക്ക് ഗവർണ്ണർ എക്സലൻസി അവാർഡുകൾ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പുസ്തകോത്സവത്തിന്റെ രണ്ടാം ദിനമായ നവംബർ 30 ശനിയാഴ്ച, കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് സുഗതസ്മൃതിദിനമായി ആചരിക്കും. 10:30 ന് നടക്കുന്ന ഉദ്ഘാടന സഭയിൽ ടി.കെ.എ നായർ, കുമ്മനം രാജശേഖരൻ, രഞ്ജിത്ത് വാര്യർ, ഡോ.ഗോപിനാഥ് പനങ്ങാട്, ജോർജ്ജ് ഓണക്കൂർ എന്നിവർ പങ്കെടുക്കും. 11:30 നടക്കുന്ന പരിസ്ഥിതി സമ്മേളനത്തിൽ സുനിൽ സുരേന്ദ്രൻ, ഡോ.എൻ.സി. ഇന്ദുചൂഡൻ, ഡോ.വി. സുഭാഷ്ചന്ദ്ര ബോസ്, ശ്രീമൻ നാരായണൻ, ഇഞ്ചക്കൽ ബാലചന്ദ്രൻ, ദിലീപ് ജി മേനോൻ എന്നിവർ സംബന്ധിക്കും.
3:30നു നടക്കുന്ന വനിതാ സമ്മേളനത്തിൽ ഡോ. ലക്ഷ്മി ശങ്കർ, ശ്രീലേഖ ഐ. പി.എസ്., അഡ്വ.പി. സതീ ദേവി, ലതിക സുഭാഷ്, ഡോ.ജെ.പ്രമീളാദേവി, ഗീതാ ബക്ഷി എന്നിവർ പങ്കെടുക്കും. 5 മണിക്ക് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കെ.എസ്. രാജേഷ്, ശ്രീകുമാരി രാമചന്ദ്രൻ, ആനന്ദ് നീലകണ്ഠൻ, ആർ.കെ.ദാമോദരൻ, വയലാർ ശരത് ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ, ദീപു എന്നിവർ പങ്കെടുക്കും. 6:30 നു സുഗതകുമാരി ടീച്ചറുടെ കവിതകളുടെ അവതരണം, സുഗത സംഗീതാഞ്ജലി അരങ്ങേറും. ഡോ.പൂജ പി ബാലസുന്ദരം, ഉത്തര, ആൽവിൻ വിൻസന്റ് എന്നിവർ പങ്കെടുക്കും. 7 മണിക്ക് സുഗത നൃത്താഞ്ജലി അരങ്ങേറും.
ഡിസംബർ 8 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. ചെണ്ടമേളം അവതരിപ്പിച്ച ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥികൾക്കും, ബാൻഡ് വാദ്യം അവതരിപ്പിച്ച കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി.