തിരുവനന്തപുരം: മുനമ്പം ഭൂസമരം 50 ദിവസം പൂർത്തിയാകുന്ന ഡിസംബർ ഒന്നിന് ജനതയ്‌ക്ക് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ കാസയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തും. മുനമ്പം വേളാങ്കണ്ണി പള്ളിക്ക് മുന്നിൽ നടത്തുന്ന നിരാഹാര സമരം നടത്തുന്ന മുനമ്പത്തെ ജനങ്ങൾക്കും സമരസമിതിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, വഖ്ഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുമാണ് ധർണ്ണ നടത്തുന്നതെന്ന് കാസ അറിയിച്ചു.
സെക്രട്ടേറിയറ്റിന് മുൻപിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെയാകും പ്രതിഷേധം നടക്കുന്നത്. അതേസമയം മുനമ്പം പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. റിട്ട.ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.
മൂന്ന് മാസത്തിനകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നാണ് നിർദേശം. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താത്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന് പുറമെ, സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും ശുപാർശ ചെയ്യണം. കമ്മീഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണ സമിതിയും അറിയിച്ചിട്ടുണ്ട്.