ധാക്ക : ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വേട്ട നിർബാധം തുടരുന്ന ബംഗ്ലാദേശിൽ ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഉൾപ്പെടെ ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ബംഗ്ലാദേശുമായി ബന്ധപ്പെട്ട 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിക്കാൻ ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് (ബിഎഫ്ഐയു) ഉത്തരവിടുകയായിരുന്നു.
വ്യാഴാഴ്ച പുറപ്പെടുവിച്ച നിർദേശം രാജ്യത്തെ വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അയച്ചു.അക്കൗണ്ടുകളിൽ നിന്നുള്ള എല്ലാ ഇടപാടുകളും ഒരു മാസത്തേക്ക് ഇത് താൽക്കാലികമായി നിർത്തിവച്ചു എന്നാണ് ബംഗ്ളാ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാർത്തിക് ചന്ദ്ര ദേ, അനിക് പാൽ, സരോജ് റോയ്, സുശാന്ത ദാസ്, ബിശ്വ കുമാർ സിംഗ്, ചന്ദിദാസ് ബാല, ജയദേവ് കർമാകർ, ലിപി റാണി കർമ്മാകർ, സുധാമ ഗൗർ ദാസ്, ലക്ഷ്മൺ കാന്തി ദാസ്, പ്രിയതോഷ് ദാസ്, രൂപൻ ദാസ്, രൂപൻ കുമാർ ധർ, ആശിഷ് പുരോഹിത്, ജഗദീഷ് ചന്ദ്ര അധികാരി, സജൽ ദാസ് എന്നിവരാണ് മറ്റ് 16 പേർ.
ഈ ഹിന്ദു നേതാക്കളുടെ ഉടമസ്ഥതയിലുള്ള എല്ലാ അക്കൗണ്ടുകളുടെയും വിവരങ്ങൾ നൽകാൻ BFIU ബാങ്കുകളോട് അഭ്യർത്ഥിച്ചു.ഇത് മൂന്ന് പ്രവൃത്തി ദിവസത്തിനകം വിവരങ്ങൾ നൽകണം. സനാതൻ ജാഗരൺ ജോട്ടെയുടെ വക്താവ് ചിൻമോയ് കൃഷ്ണദാസിനെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഈ നടപടി.
പ്രാദേശിക ബിഎൻപി നേതാവ് ഫിറോസ് ഖാനാണ് ഇദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തത്. തിങ്കളാഴ്ച ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് ചിൻമോയിയെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം, അദ്ദേഹത്തെ ചിറ്റഗോംഗ് കോടതിയിൽ ഹാജരാക്കി, അവിടെ ജാമ്യാപേക്ഷ നിരസിക്കുകയും ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്തു.
ചിൻമോയിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ചിൻമോയിയെ അനുകൂലിക്കുന്നവർ രണ്ടര മണിക്കൂറോളം ജയിൽ വാൻ തടഞ്ഞു.ഒടുവിൽ പോലീസ് ഗ്രനേഡുകൾ ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചിൻമോയിയെ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.















