ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.ബുള്ളറ്റ് ട്രെയിനുകൾ മുതൽ റോബോട്ട് റെസ്റ്റോറൻ്റുകൾ വരെ, അത്യാധുനിക സാങ്കേതികവിദ്യയിട്ട് അമ്മാനമാടുന്ന രാജ്യം. ഇപ്പോഴിതാ ജാപ്പനീസ് പൗരനായ 59 കാരൻ കെയ്‌സുകെ ഓക്ക ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഒന്നും ഉപയോഗിക്കാതെ വെറും കൈകൊണ്ട് നിർമ്മിച്ച പ്രത്യേക നാല് നില കെട്ടിടമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്.
ഒറ്റ നോട്ടത്തിൽ പൊളിഞ്ഞ് വീഴാൻ പോകുന്ന കെട്ടിടം എന്ന് തോന്നുമെങ്കിലും വ്യത്യസ്‌തമായ നാല് നിലകളുള്ള അരിമാസ്റ്റൺ ബിൽഡിംഗ് നിർമ്മിക്കാൻ ഏകദേശം 20 വർഷമാണ് അദ്ദേഹം ചിലവിട്ടത് . ആനിമേഷൻ സിനിമകൾ കണ്ടാണ് തനിക്ക് ഇങ്ങനെ കെട്ടിടം നിർമ്മിക്കാൻ തോന്നിയതെന്നാണ് ഓക്ക പറയുന്നത് .വളഞ്ഞുപുളഞ്ഞ ഈ ഫാൻ്റസി കെട്ടിടത്തെ നാട്ടുകാർ “ഹൗൾസ് മൂവിംഗ് കാസിൽ” എന്ന ആനിമേറ്റഡ് സിനിമയുമായാണ് താരതമ്യപ്പെടുത്തുന്നത്.
2005-ലാണ് ഓക്ക കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്, സുഹൃത്തുക്കളുടെ സഹായമല്ലാതെ, യന്ത്രമോ സാങ്കേതിക സഹായമോ ഉപയോഗിക്കാതെയായിരുന്നു നിർമ്മാണം. 200 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന തരത്തിൽ ഉയർന്ന നിലവാരമുള്ള രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . കെട്ടിടത്തിനുള്ള കോൺക്രീറ്റ് മിശ്രിതങ്ങൾ അദ്ദേഹം തന്നെ കൈകൊണ്ട് തയ്യാറാക്കി.മുകളിലത്തെ മൂന്ന് നിലകളിൽ താമസിക്കാനും താഴത്തെ നില സ്റ്റുഡിയോ ആയും പെർഫോമൻസ് സ്‌പെയ്‌സായും ഉപയോഗിക്കാനും ഓക്ക പദ്ധതിയിടുന്നു.
‘ ഈ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ, വെറും മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ കരുതി, പക്ഷേ ഇതിന് 2 പതിറ്റാണ്ടുകൾ എടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു‘ വെന്നും ഓക്ക പറയുന്നു.മക്കാവു ബിസിനസ് ടിവി എന്ന യൂട്യൂബ് ചാനലിൽ ഇതു സംബന്ധിച്ച വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.















