ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താന് മികച്ച സ്കോർ. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താൻ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്താൻ, ഓപ്പണർ ഷഹ്‌സൈബ് ഖാന്റെ സെഞ്ച്വറി 159 * (149 ) പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച ടോട്ടലിലെത്തിയത്.
ഓപ്പണർമാരായ ഉസ്മാൻ ഖാനും (94 പന്തിൽ 60) ഷഹ്‌സൈബും ചേർന്ന് നൽകിയ160 റൺസിന്റെ മികച്ച തുടക്കമാണ് പാകിസ്താന് തുണയായത്. കൃത്യമായ ഇടവേളകളിൽ പാകിസ്താന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഷഹ്‌സൈബ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 3 വിക്കറ്റെടുത്ത സമർത് നാഗരാജാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. ആയുഷ് മഹാരെ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ഗ്രൂപ്പ് സ്റ്റേജിലെ ഉദ്‌ഘാടന മത്സരമാണിത്. ഇന്ത്യയും പാകിസ്താനും ജപ്പാനും യുഎഇയുമാണ് ഒരു ഗ്രൂപ്പിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം ഏകദിന പരമ്പരയിൽ അണ്ടർ 19 ടീമിനെ നയിച്ച ഉത്തർപ്രദേശിന്റെ മുഹമ്മദ് അമനാണ് ഇന്ത്യയുടെ നായകൻ. 2023 ൽ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ഏഷ്യാകപ്പ് അഭിമാനപോരാട്ടമാണ്.