ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് രാഷ്‌ട്രീയ സ്വയം സേവകസംഘം (RSS) സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അതിക്രമങ്ങൾ തടയണമെന്നും ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിനെ എത്രയുംപെട്ടെന്ന് ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാരും ബന്ധപ്പെട്ട ഏജൻസികളും ഇത്തരം സംഭവങ്ങൾ തടയാൻ നടപടിയെടുക്കുന്നതിന് പകരം നിശബ്ദ കാഴ്ചക്കാരായി തുടരുകയാണെന്ന് ആർഎസ്എസ് വിമർശിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ, കൊലപാതകങ്ങൾ, കൊള്ളകൾ, തീകൊളുത്തൽ, സ്ത്രീകൾക്കെതിരായ പീഡനങ്ങൾ തുടങ്ങിയ അതിക്രമങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ സമാധാനപരമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഇസ്‌കോൺ സംന്യാസി പൂജ്യ ശ്രീ ചിന്മയ് കൃഷ്ണ ദാസ് ജിയെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്തത് അന്യായമാണ്. ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം. പൂജ്യ ശ്രീ ചിൻമയ് കൃഷ്ണ ദാസ് ജിയെ ജയിലിൽ നിന്ന് മോചിപ്പിക്കണം, സർകാര്യവാഹ് ബംഗ്ലാദേശ് സർക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾ തടയാനുള്ള ശ്രമങ്ങൾ തുടരണമെന്നും വിഷയത്തിൽ ആഗോള പിന്തുണ ഉറപ്പാക്കണമെന്നും ആർഎസ്‌എസ് സർകാര്യവാഹ് ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഈ നിർണായക ഘട്ടത്തിൽ ഭാരതവും ആഗോള സമൂഹവും അന്താരാഷ്‌ട്ര സ്ഥാപനങ്ങളും ബംഗ്ലാദേശിലെ ഇരകൾക്കൊപ്പം നിൽക്കുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണം. ആഗോള സമാധാനത്തിനും സാഹോദര്യത്തിനും ആവശ്യമായ സാധ്യമായ ശ്രമങ്ങൾ നടത്താൻ ബന്ധപ്പെട്ട സർക്കാരുകൾ തയാറാകണമെന്ന് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.















