ധാക്ക: ആത്മീയ നേതാവും ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായതിന്റെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മറ്റൊരു ഹിന്ദു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് ഭരണകൂടം. ചറ്റോഗ്രാമിലാണ് സംഭവം. ശ്യാം ദാസ് പ്രഭുവാണ് അറസ്റ്റിലായത്. ജയിലിൽ കിടക്കുന്ന ചിന്മയ് കൃഷ്ണ ദാസിനെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് വിവരം. യാതൊരു തരത്തിലുള്ള ഔദ്യോഗിക അറസ്റ്റ് വാറണ്ടും കൂടാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്.
ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ബംഗ്ലാദേശ് ഭരണകൂടം അറസ്റ്റ് ചെയ്തത്. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയതായിരുന്നു ഇസ്കോൺ സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ്. ഇതിന് പിന്നാലെയായിരുന്നു സർക്കാരിന്റെ പ്രതികാര നടപടി.
ഹൈന്ദവ നേതാവിന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹം പ്രതിഷേധം കടുപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ രാജ്യത്തെ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു ഹിന്ദു സന്യാസി കൂടി അറസ്റ്റിലായിരിക്കുന്നത്. ഇസ്കോൺ വക്താവാണ് ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചത്.















