കാലിഫോർണിയ: തന്റെ അവസാന നാളുകളിൽ ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് നൽകിയ നിർദ്ദേശം വെളിപ്പെടുത്തി സെയിൽസ്ഫോഴ്സ് സിഇഒ മാർക്ക് ബെനിയോഫ്. തന്റെ അനുസ്മരണ ചടങ്ങുകളിൽ വന്നുപോകുന്ന അതിഥികൾക്ക് ഹിന്ദു ഗുരു പരമഹംസ യോഗാനന്ദയുടെ ‘ഒരു യോഗിയുടെ ആത്മകഥ'( Autobiography of a yogi ) എന്ന പുസ്തകത്തിന്റെ പതിപ്പുകൾ നൽകണമെന്ന് സ്റ്റീവ് ജോബ്സ് നിർദ്ദേശിച്ചിരുന്നതായി മാർക്ക് ബെന്നിയോഫ് പറഞ്ഞു. നമ്മെ സ്വയം തിരിച്ചറിയുന്നതിനും ആത്മപരിശോധനയ്‌ക്കും പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011 ഒക്ടോബർ അഞ്ചിനായിരുന്നു 556-കാരനായ സ്റ്റീവ് ജോബ്‌സിന്റെ മരണം. ദീർഘനാളായി പാൻക്രിയാറ്റിക് കാൻസറുമായി പോരാട്ടത്തിലായിരുന്ന അദ്ദേഹം അന്ത്യനാളുകൾ ചിലവഴിച്ചത് കാലിഫോർണിയയിലെ പാൾ ആൾട്ടോയിലുള്ള വീട്ടിലാണ്. സ്റ്റീവിന് ആരും അറിയപ്പെടാത്തൊരു ആത്മീയ വശം ഉണ്ടായിരുന്നതായി ബെനിയോഫ് പറയുന്നു. തന്റെ മരണാനന്തരം ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിലൊന്നായിരുന്നു പരമഹംസ യോഗാനന്ദയുടെ പുസ്തകം. ഈ പുസ്തകം സ്റ്റീവ് ജോബ്‌സിനെ ഏറെ സ്വാധീനിച്ചിരുന്നതായി ബെനിയോഫ് പറയുന്നു.
തന്റെ കൗമാരക്കാലത്താണ് അദ്ദേഹം ആദ്യമായി ഈ പുസ്തകം വായിക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ വന്നപ്പോൾ പുസ്തകം വീണ്ടും ലഭിച്ചു. പിന്നീട് വായന വർഷത്തിലൊരിക്കലായി. സ്വയം കണ്ടെത്താനുള്ള ഒരുവന്റെ അന്വേഷണം പൂർത്തിയാകുന്നത് ഗുരുവിന്റെ പുസ്തകം വായിക്കുമ്പോഴാണെന്ന് സ്റ്റീവ് പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ വാൾട്ടർ ഇസാക്‌സൺ പറയുന്നു.