മുംബൈ: മഹാരാഷ്‌ട്ര കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആരോഗ്യപ്രശ്ങ്ങളെ തുടർന്ന് ചികത്സ തേടിയതായി റിപ്പോർട്ടുകൾ. നിലവിൽ സതാരയിലെ തന്റെ ഗ്രാമത്തിലാണ് അദ്ദേഹമുള്ളത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ശിവസേനാ അദ്ധ്യക്ഷൻ കഴിയുന്നതെന്നാണ് സൂചന. ഇതിനെത്തുടർന്ന് ആദ്ദേഹം നേരത്തെ നിശ്ചയിച്ചിരുന്ന യോഗങ്ങൾ റദ്ദാക്കിയിരുന്നു.
ഷിൻഡെയ്‌ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയും കടുത്തപനിയും ക്ഷീണവുമുണ്ടെന്ന് സതാരയിലെ സിവിൽ സർജൻ യുവരാജ് കാർപെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പൾസ് നിരക്കും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. രക്ത സാമ്പിൾ പരിശോധനയിൽ മലേറിയയുടെയോ ഡെങ്കിപ്പനിയുടെയോ ലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ ഷിൻഡെ നിരവധി യാത്രകൾ ചെയ്തിരുന്നു. കൂടാതെ അദ്ദേഹം തന്റെ ഫാം ഹൗസിലെ ജോലികളിലും സജീവമായിരുന്നു. ഇതാവാംആരോഗ്യ സ്ഥിതി വഷളാവാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അടുത്ത രണ്ട് ദിവസങ്ങളിലും ഡോക്ടർമാർ ഷിൻഡെയ്‌ക്ക് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബർ 5 ന് മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങുകളിൽ പങ്കെടുക്കും.















