ചെങ്ങന്നൂർ: ശബരിമലയിൽ ദേവസ്വം ബോർഡും അധികാരികളും ഭക്തരുടെ ക്ഷേമവും വിശ്വാസവും കണക്കിലെടുക്കാതെ നടത്തുന്ന പ്രവർത്തനങ്ങളെ വിമർശിച്ച് വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി. ശ്രീകോവിലിന്റെ അതേ പ്രാധാന്യമാണ് പതിനെട്ടാംപടിക്കുമുളളത് പൊന്നുപതിനെട്ടാംപടിയെന്നാണ് പറയുന്നത്. ആ പതിനെട്ടാം പടിയിൽ നിന്നാണ് ഫാഷൻ പരേഡ് നടത്തിയതെന്ന് വിജി തമ്പി വിമർശിച്ചു.
ശബരിമലയിൽ മൂന്ന് ശ്രീചക്രങ്ങളാണ് ഉളളത്. ശ്രീകോവിലിനുളളിലും പതിനെട്ടാം പടിയിലും മണിമണ്ഡപത്തിലുമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. അത്തരത്തിൽ ശ്രീചക്രം സൂക്ഷിച്ചിരിക്കുന്ന പതിനെട്ടാം പടിയിലായിരുന്നു പൊലീസുകാരുടെ ഫോട്ടോഷൂട്ട്. ശബരിമലയിൽ ഇനിയെങ്കിലും വിശ്വാസികളായ പൊലീസുകാരെ മാത്രം നിയമിക്കണമെന്നും വിജി തമ്പി ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിലെ ഈശ്വരചൈതന്യത്തെ സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണം. വീണ്ടും 2018 ആവർത്തിക്കേണ്ട സ്ഥിതിയിലേക്ക് വരികയാണ്. തെറ്റുകളെ ചോദ്യം ചെയ്യാൻ ഹിന്ദു സമാജത്തിന് കഴിയണമെന്നും വിജി തമ്പി പറഞ്ഞു. ശബരിമലയിൽ ഭക്തർക്കായി നിർമിച്ച സംവിധാനങ്ങളെല്ലാം ദേവസ്വം ബോർഡ് ഇല്ലാതാക്കി. വിരിവെക്കാൻ പോലും ഇടമില്ലാതായി.
നടൻ എംഎൻ നമ്പ്യാർ ശബരിമലയിൽ വലിയ ബിൽഡിംഗ് കെട്ടിയിട്ടതാണ്. അതെല്ലാം ഇടിച്ചുകളഞ്ഞു. സ്വാമി അയ്യപ്പൻ സിനിമയിലെ ലാഭത്തിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് മെറിലാൻഡ് സുബ്രഹ്‌മണ്യം അവിടെ കെട്ടിടം പണിത് നൽകി. 500 പേർക്ക് വിരിവെക്കാൻ സൗകര്യമുളള സ്ഥലമായിരുന്നു. അത് ദേവസ്വം ഏറ്റെടുത്ത് പൊലീസുകാർക്ക് താമസിക്കാൻ കൊടുത്തിരിക്കുകയാണ്. ഭക്തർക്കായി നൽകിയതാണ് ഇതെല്ലാം വിജി തമ്പി പറഞ്ഞു.
കേരളം രൂപീകൃതമായപ്പോൾ കേരളത്തിലെ ഹിന്ദുജനസംഖ്യ 80 ആയിരുന്നു. ഇപ്പോൾ 40 ശതമാനത്തിലെത്തി. ഈ അവസ്ഥ തുടർന്നാൽ 2050 ആകുമ്പോൾ 20 ശതമാനമെത്തും. ബംഗ്ലാദേശിലും കശ്മീരിലും ഉണ്ടായ അവസ്ഥയിലെത്തുമെന്നും വിജി തമ്പി പറഞ്ഞു.