ഗുരുവായൂർ: സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ഹിന്ദു ഐക്യ വേദി അധ്യക്ഷൻ ആർ.വി ബാബു. ക്ഷേത്ര വിരുദ്ധ നിലപാടെടുത്താൽ തന്ത്രി അവസാനവാക്കെന്ന പരിഗണന പിൻവലിക്കാൻ ഹൈന്ദവ സമൂഹം തയ്യാറാവേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയ വിഷയത്തിൽ ദേവസ്വം നടപടിയെ പിന്തുണച്ച മുഖ്യതന്ത്രിയുടെ നിലപാടിനെ വിമർശിച്ചായിരുന്നു ആർവി ബാബുവിന്റെ വാക്കുകൾ.
ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഒഴിവാക്കിയതിൽ ക്ഷേത്രഭരണസമിതിക്കെതിരെ ഹിന്ദു ഐക്യവേദി ഗുരുവായൂരിൽ നടത്തിയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയുടെ കടമ ആചാരനുഷ്ടാനങ്ങളും ഭക്തരുടെ താല്പര്യങ്ങളും സംരക്ഷിക്കുക എന്നതാണെന്നും ആർ.വി. ബാബു പറഞ്ഞു.
കേവലം പൂജയുടെ പ്രശ്‌നം മാത്രമല്ല. ഏതറ്റം വരെ പോയാലും ആചാരങ്ങളെയും സംസ്‌കാരത്തെയും സംരക്ഷിക്കുമെന്ന് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത സ്വാമി തേജസ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ ആരോപിച്ചു. തീരുമാനം എടുത്ത രീതി സുതാര്യമല്ല. ദേവസ്വം ബോർഡിനും അതിന് നേതൃത്വം നൽകുന്ന രാഷ്‌ട്രീയ പാർട്ടിക്കും ഗൂഡലക്ഷ്യമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത് ഹൈന്ദവ സംഘടനകളല്ല, തന്ത്രി കുടുംബമാണ്. തന്ത്രി കുടുംബത്തെ പോലും വിശ്വാസത്തിലെടുക്കാൻ മുഖ്യതന്ത്രിക്ക് സാധിച്ചില്ലെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.
കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ. സതീഷ്ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശബരിമല അയപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ, ഗുരുവായൂർ താലപ്പൊലി സംഘം പ്രസിഡന്റ് എൻ.പ്രഭാകരൻ നായർ എന്നിവരും സംസാരിച്ചു.